തിരുവനന്തപുരം: തങ്ങളറിയുന്ന ഗ്രീഷ്‌മ ഒരാളെ കൊന്നെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഡിഗ്രി പഠനകാലം മുതൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ പറഞ്ഞു. പഠനത്തിൽ മിടുക്കിയായിരുന്ന ഗ്രീഷ്‌മ മികച്ച ഭരതനാട്യ നർത്തകിയായിരുന്നെന്നും ഉപന്യാസ രചനകളിലും പാട്ട് മത്സരങ്ങളിലുമെല്ലാം സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു.
ബി.എ ഇംഗ്ലീഷിൽ നാലാം റാങ്ക് നേടി ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡും കരസ്ഥമാക്കിയാണ് ഗ്രീഷ്‌മ കോളേജിന്റെ പടിയിറങ്ങിയത്. അദ്ധ്യാപകരോടും സഹപാഠികളോടും വളരെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഗ്രീഷ്‌മ കാമുകന് വിഷം നൽകി കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിലാണ് എല്ലാവരും.
അമ്പരപ്പോടെ അയൽവാസികൾ
വളരെ സൗമ്യതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഗ്രീഷ്‌മ ഒരു യുവാവിനെ കൊലപ്പെടുത്തിയെന്ന വാർത്തയുടെ അമ്പരപ്പിലാണ് രാമവർമ്മൻചിറയിലെ അയൽവാസികൾ. ഗ്രീഷ്‌മയുടെ മാതാപിതാക്കളുമായി നല്ല സഹകരണമായിരുന്നെന്നും ഇവർ പറഞ്ഞു. ഗ്രീഷ്‌മയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് കരുതി നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്.