തിരുവനന്തപുരം: ഗ്രീഷ്‌മ പൊലീസ് സ്റ്റേഷനിൽ നടത്തിയ ആത്മഹത്യാശ്രമം നാടകമാണെന്നും തെളിവെടുപ്പ് വൈകിപ്പിക്കാനുള്ള നീക്കമാണെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം ചേർത്ത് കൊടുത്തത് ഒറ്റയ്‌ക്കാണെന്ന് കരുതുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മയും അമ്മാവനുമാണ് പിന്നിലെന്നും അവർ ആരോപിച്ചു.
ഗ്രീഷ്‌മയെ മകൻ ഒരുപാട് സ്നേഹിച്ചിരുന്നെന്നും കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നെന്നും അമ്മ പ്രിയ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിച്ചതുകൊണ്ടാണ് കേസ് ഇപ്പോൾ തെളിഞ്ഞത്, കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അന്വേഷണ സംഘം ഉറപ്പുനൽകിയതായി അച്ഛൻ ജയരാജ് പറഞ്ഞു.
ഷാരാൺ ഛർദ്ദിച്ചുകൊണ്ട് ഇറങ്ങിവരുന്നത് സുഹൃത്ത് കണ്ടതും ഷാരോണും പെൺകുട്ടിയുമായുള്ള വാട്സാപ്പ് ചാറ്റുകളുമാണ് സംശയം ഗ്രീഷ്‌മയിലേക്ക് നീളാൻ കാരണമെന്ന് സഹോദരൻ ഷിമോൻ പറഞ്ഞു. ചോദ്യങ്ങളുയർത്തിയപ്പോൾ ഗ്രീഷ്‌മ പരസ്‌പര വിരുദ്ധമായി മറുപടി നൽകിയതോടെ പങ്ക് ഉറപ്പിച്ചെന്നും സഹോദരൻ പറഞ്ഞു.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആവശ്യമെന്നും കുടുംബം പറഞ്ഞു.