തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിന് പിന്തുണയറിയിച്ച് പ്രമേയം പാസാക്കി നഗരസഭ. വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങി 80 ശതമാനം പൂർത്തിയാകുന്ന ഘട്ടത്തിൽ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ദ്രുതഗതിയിൽ പണി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൗൺസിൽ വാക്കാൽ പ്രമേയം പാസാക്കിയത്.
പ്രമേയത്തിൻമേൽ വിശദമായി കൗൺസിൽ യോഗം ചർച്ച നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൻമേൽ ഉയർന്നുവന്ന ചർച്ച. മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന പല ആവശ്യങ്ങളും തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടല്ല. ആ ആവശ്യങ്ങളിൻമേൽ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു ചർച്ചയിലെ പൊതുവികാരം. കൃത്യമായ ശാസ്ത്രീയമായ പഠനം നടത്തിയാണ് നിർമ്മാണപ്രവർത്തനം ആരംഭിച്ചതെന്നും നിർമ്മാണം നിറുത്തി പഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
പ്രമേയാവതരണത്തിൽ യു.ഡി.എഫിൽ വ്യത്യസ്ത അഭിപ്രായമുണ്ടായി. മുല്ലൂർ കൗൺസിലർ സി.ഓമന സമരത്തെ വിമർശിച്ചും സർക്കാരിനെ പിന്തുണച്ചും ചർച്ചയിൽ വിഷയം അവതരിപ്പിച്ചു. പദ്ധതി പ്രദേശത്തെ കൗൺസിലർ കൂടിയാണ് ഓമന. ചർച്ചകൾക്കൊടുവിൽ പ്രമേയം നാല് യു.ഡി.എഫ് കൗൺസിലർമാർ മാത്രമാണ് വിയോജിപ്പ് അറിയിച്ചത്. എന്നാൽ, അവിടെയും കൗൺസിലർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി.