
കൽപ്പറ്റ: കാണാതായ വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എ.എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി. സുഹൃത്തിന്റെയടുത്താണെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസും ബന്ധുക്കളും ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഈ മാസം 10ന് കോടതി ആവശ്യത്തിന് പാലക്കാടേക്ക് പോയ സി.ഐയെ കാണാതാവുകയായിരുന്നു. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പരും സ്വിച്ച് ഓഫായ നിലയിലായിരുന്നു. അവസാനമായി ഫോണിൽ സംസാരിച്ചയാളോട് കൽപ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്ത് കണ്ടെത്തിയത്. ജോലിയിലും വ്യക്തിപരമായും ഉണ്ടായ മാനസിക സംഘർഷമാണ് മാറി നിൽക്കാൻ കാരണമായതെന്നാണ് വിവരം.