p-valsala

നെല്ലിന് അമ്പത് വയസ്. തിരുനെല്ലി ആകെ മാറിയിരിക്കുന്നു. വയനാടിന്റെ നെല്ലറയെന്ന് പേരുകേട്ട തിരുനെല്ലിയിലെ അതിവിശാലമായ പാടങ്ങൾ എവിടെ? തലയെടുപ്പോടെ നിൽക്കുന്ന ബ്രഹ്മഗിരി മലനിരകൾക്കിടയിൽ നിന്ന് വീശുന്നത് തണുത്ത കാറ്റല്ല. കർണാടകയിൽനിന്ന് കുടക് മലനിരകളും കടന്നെത്തുന്ന ചൂട് കാറ്റാണ്. ഒൗഷധതെളിമയോടെ ബ്രഹ്മഗിരിയിൽനിന്ന് പിറവിയെടുക്കുന്ന പാപനാശിനിക്കും ഒാജസ് കുറഞ്ഞിരിക്കുന്നു.

കോഴിക്കോട് മുക്കത്തെ മകൾ ഡോ: മിനിയുടെ വീട്ടിൽ വിശ്രമജീവിതം നയി ക്കുന്ന കഥാകാരിക്ക് നെല്ല് എഴുതുമ്പോൾ വയസ് മുപ്പത്തിരണ്ട്. ഇപ്പോൾ എൺപത്തിനാലാണ് പ്രായം. കഥാകാരി എന്തെഴുതിയാലും ആദ്യം വായിച്ച് അഭിപ്രായം പറയുന്ന ഏറ്റവും നല്ല നിരൂപകനായ ഭർത്താവ് അപ്പുക്കുട്ടി മാസ്റ്റർക്ക് പ്രായം 92.

കീഴാളവർഗത്തോടും പ്രകൃതിയോടുമുള്ള ചൂഷണത്തിന്റെയും വഞ്ചനയുടെയും കഥകൾ എഴുതാൻ മാത്രമായി കഥാകാരി വാങ്ങിയ കൂമൻകൊല്ലിയിലെ വീട് ആൾപ്പെരുമാറ്റമില്ലാതെ മൂകമാണ്. കൂമൻകൊല്ലിയിൽ 1987ലാണ് ,​ കൂമൻകൊല്ലി എന്ന പേരിൽ പി.വത്സല മനോഹരമായ ഒരു കൊച്ചുവീട് പണിയുന്നത്. ഇവിടെനിന്ന് നോക്കിയാൽ വയലിനപ്പുറം കാളിന്ദി ഒഴുകുന്നത് കാണാം. അപ്പുറം നരിനിരങ്ങി മല. കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങൾ കാളിന്ദിവഴി കാടിറങ്ങുന്നത് കൂമൻകൊല്ലിയിൽ ഇരുന്നാൽ വ്യക്തമായി കാണാം. ഇവിടെയിരുന്നാണ് പി.വത്സല നമ്മളോട്, കീഴാള വർഗം അനുഭവിക്കുന്ന ചൂഷണത്തിന്റെ കഥ പറഞ്ഞത്. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന,​ മലയാളത്തിലെ വിഖ്യാതമായ നോവലായിരുന്നു നെല്ല്. ആദിവാസികളുടെ ജീവിതവും ചരിത്രവും സാംസ്കാരിക സവിശേഷതകളും പോരാട്ടങ്ങളും അതിലുണ്ട്. അടിയാളജീവിതത്തിന്റെ നേർക്കാഴ്ചയാണ് നെല്ലിലൂടെ പി.വത്സല കാട്ടിത്തരുന്നത്. കഥാകാരിക്ക് തിരുനെല്ലി ഒരു സ്വപ്നഭൂമിയായിരുന്നു. കഥാകാരിക്ക് പ്രചോദനം സഞ്ചാര സാഹിത്യകാരൻ എസ്.കെ.പൊറ്റക്കാടും കഥകളുടെ പെരുന്തച്ചനായ എം.ടി.വാസുദേവൻ നായരുമായിരുന്നു. - എം.ടി നല്കിയ ഉപദേശം ഇങ്ങനെ - 'ചെല്ലൂ, വയനാട്ടിലെ തിരുനെല്ലിയിലേക്ക്. അവിടെ കുറെ ജീവിതങ്ങളുണ്ട്. പച്ചയായ കാടിന്റെ മക്കൾ. അവരെക്കുറിച്ച് പഠിക്കൂ. അവരുടെ കഥ പറയൂ. അതിൽപ്പരം സാഹിത്യലോകത്തിന് മറ്റെന്ത് നൽകാൻ?' മുപ്പത്തിരണ്ടാമത്തെ വയസിൽ ആറുമാസം മാത്രം പ്രായമായ മകളെയും കൊണ്ട് ഭർത്താവുമൊന്നിച്ച് തിരുനെല്ലിയിലേക്ക് കഠിനയാത്ര പുറപ്പെട്ട ആ മനസിനെ നമിക്കേണ്ടിയിരിക്കുന്നു. അടിയോരുടെ പെരുമനെന്ന് ആദിവാസികൾ നെഞ്ചിലേറ്റിയ നക്‌‌സലൈറ്റ് നേതാവ് എ.വർഗീസിന്റെ വീരസ്മരണകൾ അലയടിക്കുന്ന കാനനഭൂമി. മണ്ണിനെയും മനുഷ്യരെയും കാടിനെയും പുഴയേയും ജീവജാലങ്ങളെയും കഥാകാരി പഠിച്ചു. ആഴത്തിൽ വേരോട്ടമുള്ള പഠനം. ആദിവാസികളുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരുടെ ജീവിതം അതേപടി ഒപ്പിയെടുത്തു.

ചരിത്രത്തിന്റെ ഇടനാഴയിൽ തടഞ്ഞ് വീണുപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയായിരുന്നു നെല്ല്. ബാഹ്യലോകത്തിന്റെ ഇടപെടലുകളില്ലാത്ത ദേശം. പാവപ്പെട്ട ആ മനുഷ്യർ പുറംലോകത്തെക്കുറിച്ച് അറിഞ്ഞത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാൻസിസ്റ്റർ റേഡിയോകളിലൂടെയായിരുന്നു. നെല്ലിന്റെ അമ്പതാം വാർഷികം കഴിഞ്ഞദിവസം തൃശ്ശിലേരിയിൽ വച്ച് കേരള സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തി. എഴുത്തുകാരൻ എൻ.പി.ഹാഫീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. 'നെല്ല് സാമൂഹ്യ പശ്ചാത്തലം' എന്ന വിഷയത്തിൽ ഡോ: കെ.രമേശൻ, നെല്ലിലെ ജീവിതസംഘർഷങ്ങൾ എന്ന വിഷയത്തിൽ ഡോ: പി.എ. പുഷ്പലത എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ, വയനാട് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 1972 ഫെബ്രുവരിയിലാണ് നെല്ലിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. ഹിന്ദി ഉൾപ്പടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടു. നോവൽ രാമുകാര്യാട്ട് സിനിമയുമാക്കി.