kaduva
ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ടു സുൽത്താൻ ബത്തേരി ഗവ. ഐ.ബി.യിൽ സബ് കളക്ടർ ആർ.ശ്രീലക്ഷ്മിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം

കൽപ്പറ്റ: വയനാട്ടിൽ കടുവ ഭീഷണി നിലനിൽക്കുന്ന ചീരാൽ പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി 5 ലൈവ് സ്ട്രീമിംഗ് ക്യാമറകൾ സ്ഥാപിക്കും. നിലവിൽ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള 28 സാധാരണ ക്യാമറകൾക്ക് പുറമെയാണ് ലൈവ് സ്ട്രീമിംഗ് ക്യാമറകൾ സ്ഥാപിക്കുന്നത്. അതോടൊപ്പം ഈ മേഖലയിൽ കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ചിട്ടുള്ള കൂടുകളുടെ എണ്ണംകൂട്ടാനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ്, പൊലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി സുൽത്താൻ ബത്തേരി ഗവ. ഐ.ബിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

നിലവിൽ കടുവകൾ പകൽ സമയം വസിക്കുന്ന ഇടങ്ങൾ നീരീക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. കടുവ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ രാത്രി പട്രോളിംഗ് ശക്തമാക്കും. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. കടുവയുടെ ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകും. ലഭ്യമാകുന്ന അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാഭരണകൂടം നിർദ്ദേശം നൽകി.

ഇന്നലെ ചീരാൽമേഖലയിൽ കടുവ വീണ്ടും മൂന്ന് പശുക്കളെക്കൂടി ആക്രമിച്ചു. അതിൽ ഒരെണ്ണം ചത്തു. സംഭവത്തിൽ പ്രതിഷേധിച്ച് സർവകക്ഷി സമരസമിതി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങി. സമരം ഐ.സി .ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിന് ഇരയായത് 13 പശുക്കൾ. ഇതിൽ

ഒമ്പത് പശുക്കൾ ചത്തു. കടുവയെ പിടികൂടാനായി കുങ്കിയാനയെ ഉപയോഗിച്ചുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.ദീപ നോ‌ഡൽ ഓഫീസർ

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോർത്ത് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റ് കെ.എസ്. ദീപയെ നോ‌ഡൽ ഓഫീസറായി നിയമിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും റാപ്പിഡ് റെസ്പോൺസിബിൾ ടീമും രൂപീകരിക്കും. ഇന്നലെ വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

രാത്രിയിൽ വന്യജീവികളെ തുരത്താൻ കാടിളക്കി പരിശോധന നടത്തും. ആവശ്യമെങ്കിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള കൂടുകൾ സ്ഥലംമാറ്റി വയ്ക്കും. നിർമ്മിത ബുദ്ധി കാമറകൾ ഉൾപ്പെടെയുള്ള 50 കാമറകൾ വനത്തിനുള്ളിൽ സ്ഥാപിച്ച് കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ ശ്രമിക്കും. വേണ്ടി വന്നാൽ കടുവയെ മയക്ക് വെടിവച്ച് പിടിക്കുന്നതിനും ഉത്തരവ് നൽകിയിട്ടുണ്ട്.

നഷ്ട പരിഹാരം നൽകുന്നതിന് ബഡ്ജറ്റ് ഹെഡിൽ നിന്ന് വകമാറ്റി ഉപയോഗിക്കാൻ അനുവദിക്കുന്നതിനും കുടൂതൽ തുക ലഭ്യമാക്കണമെന്നും ധനവകുപ്പിനോട് അഭ്യർത്ഥിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.