കായംകുളം: കായംകുളത്ത് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ ആധുനിക രീതിയിലുള്ള മൾട്ടി പ്ളസ് തിയേറ്റർ കോംപ്ളക്സ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. കഴിഞ്ഞ വിഷുവിന് ഉദ്ഘാടനം പ്രതീക്ഷിച്ച തിയേറ്റർ കോംപ്ളക്സ് അടുത്ത വിഷുവിനും തുറന്ന് കൊടുക്കാൻ കഴിയാത്ത നിലയിലാണ് അധികൃതർ. നാലാം നിലയുടെ നിർമ്മാണം പോലും പൂർത്തിയായിട്ടില്ല. കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനൽകിയ 77 സെന്റ് സ്ഥലത്താണ് തിയേറ്റർ സമുച്ചയം നിർമ്മിക്കുന്നത് . കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായിരുന്ന സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്വപ്നമായിരുന്നു സംസ്ഥാനത്ത് 25 മൾട്ടിപ്ളസ് തിയേറ്ററുകൾ സ്ഥാപിയ്ക്കുകയെന്നത്. ഒരു തിയേറ്റർ പോലും ഇല്ലാത്ത കായംകുളമായിരുന്നു പ്രഥമ പരിഗണയിൽ . 2017 സെപ്തംബർ 25 ന് ഇത് സംബന്ധിച്ച് കായംകുളം നഗരസഭയ്ക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു. തിയറ്റർ സമുച്ചയത്തിന്റെയും അതോടനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റേയും പ്ളാൻ സംബന്ധിച്ച അവ്യക്തയാണ് ആദ്യം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. പിന്നീട് പല കാരണങ്ങളാൽ നിർമ്മാണ പ്രവർത്തികൾ മുടങ്ങി.
.......
# മൾട്ടി പ്ലസ് തിയറ്ററിന് അനുവദിച്ച തുക....... 15.03 കോടി
.......
# മൾട്ടി പ്ലസ് തിയറ്റർ
40000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് തിയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഇവിടെ നിർമ്മിക്കുന്നത്. ഒന്ന് മൂന്ന് സ്ക്രീനുകളിൽ 152 പേർക്ക് വീതവും സ്ക്രീൻ രണ്ടിൽ 200 പേർക്കും ഉള്ള ഇരിപ്പിടങ്ങളാണ് സജ്ജീകരിക്കുന്നത്. അത്യാധുനിക രീതിയിലുള്ള ഫോർ കെ പ്രൊജക്ഷൻ ,ഡോൾ ബി അറ്റ്മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ , ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സിൽവർ സ്ക്രീൻ ,പുഷ്ബാക്ക് ചെയറുകൾ, റാമ്പ്, ലിഫ്റ്റ് സംവിധാനം, വിശാലമായ പാർക്കിംഗ് സംവിധാനം എന്നിവയാണ് ഒരുക്കുന്നത്.