ആലപ്പുഴ: കുട്ടനാട്ടിലെ നീലംപേരൂർഗ്രാമപഞ്ചായത്ത് പത്താംവാർഡായ കിഴക്കേ ചേന്നംകരിയിലെ മുടങ്ങിക്കിടക്കുന്ന ട്രാക്ടർ റോഡ് പദ്ധതി അധികൃതരുടെ അവഗണനയിൽ. പൊതുമരാമത്ത് വകുപ്പിന്റെ മുളയ്ക്കാംതുരുത്തി കാവാലം റോഡിലെ കൃഷ്ണപുരത്തു നിന്നും കോഴിച്ചാൽ വടക്കുപാടശേഖരത്തിന്റെ തെക്കേ ബണ്ടിനോടു ചേർന്ന് കിഴക്കോട്ട്, 1500 മീറ്റർ നീളത്തിൽ പുത്തൻകളം വരെയുള്ള ട്രാക്ടർ റോഡിന്റെ പൂർത്തീകരണമാണ് വൈകുന്നത്. പദ്ധതി മുടങ്ങിയതോടെ ഈ പ്രദേശത്തെ 35കുടുംബങ്ങളും 100ഓളം കർഷകരും ദുരിതത്തിലാണ്. കുട്ടനാട് ഡവലപ്‌മെന്റ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയറുടെ ഉത്തരവ് അനുസരിച്ച് മൈനർ ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള ട്രാക്ടർ റോഡു പദ്ധതിയാണിത് കരക്കടുക്കാതെ കിടക്കുന്നത്. ആദ്യ രണ്ടുറീച്ചുകൾ മൈനർ ഇറിഗേഷൻ വകുപ്പു പൂർത്തിയാക്കി. 2012നു ശേഷം മുന്നോട്ടുള്ള നിർമ്മാണത്തിനു ഫണ്ടനുവദിക്കാത്തതിനാൽ റോഡ് പണി പാതിവഴിയിൽ നിൽക്കുകയാണ്. റോഡ് കടന്നുപോകുന്ന കോഴിച്ചാൽ വടക്ക് പാടശേഖരത്തിലെ നെല്ലുസംഭരണത്തിനും കാർഷികമേഖലയിലേക്കു സാധനങ്ങളെത്തിക്കുന്നതിനും കർഷകർ പാടുപെടുകയാണ്.
.............
#നിലവിലെ അവസ്ഥ
റോഡിന്റെ ആരംഭത്തിൽ കൃഷ്ണപുരത്ത് ബണ്ടിനോട് ചേർന്ന് കൺസന്റ് കിട്ടാത്തതിനാൽ നാട്ടുകാർ പണപ്പിരിവുനടത്തി സ്ഥലം വിലയ്ക്കുവാങ്ങി റോഡുപണി തുടങ്ങി. തുടർന്ന് ഫണ്ടു ലഭിക്കാത്തതിനാൽ റോഡുപണി നിലച്ചു. കൃഷ്ണപുരത്തുനിന്നും 1100 മീറ്റർ കിഴക്കുമാറിയുള്ള നാൽപത്തഞ്ചിൽത്തറവരെ റോഡെത്തിയാലെ ജനവാസകേന്ദ്രങ്ങൾക്കും കാർഷികമേഖലയ്ക്കും റോഡിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഇതിനാവശ്യമായ വസ്തു ഉടമകളുടെ അനുമതി പത്രം കാവാലം വില്ലേജ് ഓഫീസിൽ സമർപ്പിച്ചു.
...........
"കാർഷികപാതയുടെ അഭാവം നിമിത്തം നെല്ലുസംഭരണത്തിനും കാർഷികമേഖലയിലേക്കു സാധനങ്ങളെത്തിക്കുന്നതിനും കർഷകരിപ്പോൾ പെടാപ്പാടുപെടുകയാണ്. ട്രാക്ടർ റോഡുവരുമെന്ന പ്രതീക്ഷയിൽ പണം മുടക്കിയ പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്. നിലവിലുള്ള കാർഷികപാത പൂർത്തികരിക്കാൻ അടിയന്തരമായി ഫണ്ടനുവദിക്കണം.
ജോസ് കാവാലം