മാവേലിക്കര: പട്ടികജാതി, വർഗ വിഭാഗ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപ്പാക്കണമെന്ന് സാധുജന പരിപാലന സംഘം ജില്ലാ വാർഷി പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാവേലിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സം ഘാടക സമിതി ചെയർമാൻ കെ ശ്രീധരൻ സ്വാഗതം പറഞ്ഞു. മാവേലിക്കര പടിഞ്ഞാറെ നടയിലെ മഹാത്മ അയ്യൻകാളിയുടെ നവീകരിച്ച സ്മൃതി മണ്ഡപം മാവേലിക്കര നഗരസഭാദ്ധ്യക്ഷൻ കെ.വി.ശ്രീകുമാറും സാംസ്കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പിയും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ അദ്ധ്യക്ഷനായി. എം.എസ് .അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.വി ഗോപിനാഥൻ രചിച്ച ധ്രുവസംഗമം നാടകം എന്ന പുസ്തകം എം.പി എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, നഗരസഭാ കൗൺസിലർ കവിത ശ്രീജിത്ത്, ഉന്നത പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾ എന്നിവരെ എം.എൽ.എ അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാവേലിക്കര, വൈസ് പ്രസിഡന്റ് കെ ശ്രീധരൻ, ബിനോയി, എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സുരേഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രവീൺ നന്ദിയും പറഞ്ഞു . ഭാരവാഹികളായി സുരേഷ് സഹദേവൻ (പ്രസിഡന്റ്), പ്രവീൺ (വൈസ് പ്രസിഡന്റ്), കെ.സുരേഷ്കുമാർ (സെക്രട്ടറി), എസ്.ശ്രീജിത്ത് (ജോ.സെക്രട്ടറി), എം.ജി.മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.