ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മരങ്ങൾ ഭൂരിഭാഗവും വെട്ടിമാറ്റിയതോടെ നീർക്കാക്കകൾ ഉൾപ്പടെയുള്ള പക്ഷികൾ മറ്റിടങ്ങളിലെ മരങ്ങളിൽ കൂട്ടത്തോടെ ചേക്കറുന്നത് വഴിയാത്രക്കാർക്ക് ശല്യമാകുന്നു. മുമ്പ് നഗരത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് മാത്രമായിരുന്ന നീർക്കാക്ക ശല്യം. ഇപ്പോൾ ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി പരിസരങ്ങളിലും സമാനമാണ് സ്ഥിതി. യാത്രക്കാർക്ക് മൂക്ക് പൊത്താതെ ഈ വഴി സഞ്ചരിക്കാൻ സാധാക്കിത്ത സ്ഥിതിയാണ്. കാൽനടയാത്രികരുടെയും ഇരുചക്ര വാഹന യാത്രികരുടെയും ദേഹത്തേക്ക് കാക്കകൾ കാഷ്ഠിക്കുന്നതിനാൽ പലരും റൂട്ട് മാറ്റിയാണ് സഞ്ചാരം. ഈ പ്രദേശത്തെ വഴിയോര കച്ചവടക്കാരെയും കാക്കകളുടെ ശല്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കപ്പലണ്ടി വിൽപ്പനക്കാരുടെ തട്ടിലടക്കം കാഷ്ഠിക്കുന്നതിനാൽ കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയാണ്. ബജി കച്ചവടക്കാരടക്കം ഇതേ പാത കേന്ദ്രീകരിച്ച് കച്ചവടം ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം വരുമാനത്തെ ബാധിക്കും വിധമാണ് പക്ഷികളുടെ ശല്യമേറുന്നത്.
......
നിറം മാറി റോഡുകൾ
വർഷങ്ങളായി നീർക്കാക്ക ശല്യം രൂക്ഷമായ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിന്റെ നിറം കറുപ്പിൽ നിന്ന് വെളുപ്പിലേക്ക് രൂപാന്തരം പ്രാപിച്ചിട്ട് നാളേറെയായി. കാഷ്ഠം സ്ഥിരമായി പതിച്ചാണ് റോഡും മരച്ചിലകളുമടക്കം നിറം മാറിയത്. ഇതേ സ്ഥിതിയിലേക്കാണ് ബോട്ട് ജെട്ടി ,കെ.എസ്.ആർ.ടി.സി റോഡും മാറിക്കൊണ്ടിരിക്കുന്നത്.
.....
''ദേശീയപാതയിലെ മരങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ഇവിടെ പക്ഷി ശല്യം വർദ്ധിച്ചത്. ഒരു തരത്തിലും കച്ചവടം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. പ്രദേശത്ത് ദുർഗന്ധം പരക്കുകയാണ്. നഗരസഭ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം.
വ്യാപാരികൾ