ആലപ്പുഴ: നീന്തൽ പ്രേമികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ മാസം രാജാകേശവദാസ് നീന്തൽക്കുളം ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. പൂളിന്റെ ഉദ്ഘാടനം നിർവഹിക്കുവാൻ ഈ മാസം 10നും 20നും ഇടയിൽ കായിക മന്ത്രിയുടെ സൗകര്യം ചോദിച്ചിരിക്കുകയാണ് ജില്ലാ സ്പോർട്സ് കൗൺസിൽ. കേരളപ്പിറവി ദിനത്തിൽ പൂൾ തുറക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായതായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം മുടങ്ങി. ഇത്തവണ പൂളിൽ വെള്ളം നിറച്ചുള്ള പരിശോധന മാത്രമാണ് ശേഷിക്കുന്നത്. കരുമാടിയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് 29 ലക്ഷം ലിറ്റർ വെള്ളമാണ് പൂൾ നിറയ്ക്കാൻ ഘട്ടം ഘട്ടമായി ടാങ്കർ ലോറികളിൽ എത്തിക്കുക. ജലം ക്ലോറിനേറ്റ് ചെയ്താവും പൂളിൽ നിറയ്ക്കുക. ഈ പ്രവർത്തികൾക്ക് പരമാവധി അഞ്ച് ദിവസം വേണ്ടി വരും. പൂളിലെ വെള്ളത്തിന് പുറമേ രണ്ട് ടാങ്കുകളിലായും ജലശേഖരമുണ്ടാകും. പൂളിനോട് ചേർന്ന് ഗ്യാലറി, ഫ്ലോറിംഗ്, ഇലക്ട്രിക് സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്.
........
ജീവനക്കാരെ നിയോഗിക്കണം
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പുരുഷ നീന്തൽ പരിശീലകനാണ് നിലവിലുള്ളത്. ഉദ്ഘാടനത്തിന് മുമ്പായി ബാക്കി ജീവനക്കാരെ കൂടി കണ്ടെത്താൻ സംസ്ഥാന സ്പോർട്സ് കൗൺസിലിന് കത്ത് നൽകിയിരിക്കുകയാണ് ജില്ലാ കൗൺസിൽ. മറ്റ് ജില്ലകളിൽ നിന്ന് ട്രാൻസ്ഫർ ആയി വരുന്നവരെയോ, ഇവരില്ലാത്ത പക്ഷം പ്രാദേശികമായി പുതിയ ജീവനക്കാരെ കണ്ടെത്തിയോ നിയോഗിക്കും
.......
ആവശ്യമുള്ള ജീവനക്കാർ
നീന്തൽ പരിശീലകർ - 1 പുരുഷൻ, 1 വനിത
ലൈഫ് ഗാർഡ് - 1 പുരുഷൻ, 1 വനിത
ക്ലീനിംഗ് സ്റ്റാഫ്
കെയർ ടേക്കർ
.....
'' മന്ത്രിയുടെ സൗകര്യമറിഞ്ഞാൽ ഈ മാസം തന്നെ പൂളിന്റെ ഉദ്ഘാടനം നടത്താൻ സജ്ജമാണ്. വെള്ളം നിറച്ചുള്ള ഫിൽറ്ററേഷൻ നടപടികളും പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്ന ജോലിയും മാത്രമാണ് ശേഷിക്കുന്നത്
പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി, സ്‌പോർട്‌സ് കൗൺസിൽ