
ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് പാടശേഖരങ്ങളിലെ കതിർ തൂങ്ങിയ നെൽച്ചെടികൾ തുലാമഴയിൽ നിലംപൊത്തുമെന്ന ആശങ്ക. രണ്ടാം കൃഷിയിറക്കിയ പാടങ്ങളിലാണ് പ്രതിസന്ധി കനക്കുന്നത്.ഇടിയും മിന്നലോടും കൂടിയ മഴ ഒരാഴ്ചയിലേറെ നീളുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത്തവണ മിക്ക പാടങ്ങളിലും നല്ല വിളവാണ് ലഭിച്ചിരിക്കുന്നത്. മഴ തുടർന്നാൽ നെൽക്കതിർ നശിക്കും. 9954.7 ഹെക്ടറിലാണ് രണ്ടാം കൃഷി ഇറക്കിയത്. ഇതിൽ 2855 ഹെക്ടറിലും വിളവെടുപ്പ് പൂർത്തീകരിച്ചു. മഴയിൽ നെല്ല് നിലം പൊത്തിയതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനും ബുദ്ധിമുട്ടുണ്ട്. ഏക്കറിൽ ഒന്നര മണിക്കൂർ കൊണ്ട് വിളവെടുപ്പ് പൂർത്തിയായ ഇടത്ത് ഇപ്പോൾ നാലുമണിക്കൂറിലധികം വേണ്ടിവരുന്നു. ഇതും കർഷകർക്ക് തിരിച്ചടിയായി. മണിക്കൂറിന് 2,200 രൂപയാണ് യന്ത്രവാടക. ഒക്ടോബർ 15ന് ശേഷമാണ് കൂടുതൽ പാടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചത്. നിലവിലെ അവസ്ഥയിൽ ഡിസംബർ പകുതിയോടെ മാത്രമേ രണ്ടാം കൃഷി വിളവെടുപ്പ് പൂർണമാകൂ.
സംഭരിക്കാൻ 16 മില്ലുകൾ
വിളവെടുപ്പ് പൂർത്തിയാകുന്ന പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ മില്ലുകളെ ചുമതലപ്പെടുത്തി. 16 മില്ലുകളാണ് സംഭരണത്തിനുള്ളത്. നെല്ലിലെ ഈർപ്പത്തിന്റെയും പതിരിന്റെയും അളവുമായി ബന്ധപ്പെട്ട് മില്ലുകാരും കർഷകരുമായുള്ള തർക്കം ഒഴിവാക്കാൻ പാഡി ഓഫീസർ പരിശോധിക്കുന്നുണ്ട്.
..............................
ആകെ കൃഷിഭൂമി: 30,000 ഹെക്ടർ
വിളവിറക്കിയത്: 9954.7 ഹെക്ടർ
വിളവെടുപ്പ് പൂർത്തീകരിച്ചത്: 2855 ഹെക്ടർ
പൂർത്തീകരിക്കാനുള്ളത്: 7099 ഹെക്ടർ
പാടങ്ങളുടെ എണ്ണം: 108
രജിസ്റ്റർ ചെയ്ത മില്ലുകൾ: 48
സംഭരണത്തിനുള്ളവർ: 16
കൊയ്ത്ത് യന്ത്രങ്ങൾ: 45 എണ്ണം
വാടക മണിക്കൂറിന്: 2,200 രൂപ
"തടസമില്ലാതെ വിളവെടുപ്പ് പൂർത്തീകരിക്കാൻ ആവശ്യമായ ക്രമീകരണം ഒരുക്കി. വിളവെടുപ്പ് പൂർത്തിയാകുന്ന പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ മില്ലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്".
നെല്ല് ഗവേഷണകേന്ദ്രം, മങ്കൊമ്പ്