m
മാക്കേകടവ് - നേരേകടവ് പാലം യാഥാർത്ഥ്യമാകുന്നു

പൂച്ചാക്കൽ: ഭൂമി ഏറ്റെടുക്കൽ തർക്കത്തിൽപ്പെട്ട് നിർമ്മാണം നിലച്ചുപോയ മാക്കേകടവ് - നേരേകടവ് പാലത്തിന്റെ പണി പുനരാരംഭിക്കുന്നു. ഏഴു വർഷം മുമ്പ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയെങ്കിലും,അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയതോടെ നിർമ്മാണം നിലച്ചു. ഇരുകരകളിലുമായി 32 പേരിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്ന ദൗത്യത്തിനിടെ, ചിലർ തർക്കം ഉന്നയിച്ച് കോടതിയിലെത്തിയതാണ് പാലം പണി മുടങ്ങാൻ കാരണം. ഇതോടെ പാണാവള്ളി - പെരുമ്പളം പാലം നിർമ്മാണം സമയബന്ധിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇവിടെ സർക്കാർ അലംഭാവം കാണിക്കുകയാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രക്ഷോഭത്തിന്റെ ഫലമായി കോടതിയിൽ കേസ് കൊടുത്ത ഭൂവുടമകളുമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ടാഴ്ച മുമ്പാണ് പണി പുനാരംഭിക്കാനുള്ള തീരുമാനം കോടതിയിൽ നിന്നുണ്ടായത്. നിലവിൽ അപ്രോച്ച് റോഡിന് ഇരുവശങ്ങളിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുവാനുള്ള ടെണ്ടർ നടപടികൾ പുരോഗിമിക്കുകയാണ്. ചില കെട്ടിട ഉടമകൾ സ്വന്തം നിലയിൽ പൊളിച്ചു മാറ്റുന്നുണ്ട് .നിർദ്ദിഷ്ട പാലത്തിന് ഇരുപത് മീറ്റർ പരിധിയിലുള്ള ഇലക്ട്രിക് പോസ്റ്റുകളും ജപ്പാൻ കുടിവെള്ള പെെപ്പുകളും നീക്കം ചെയ്യണം.

.......

മാക്കേകടവ് - നേരേകടവ് പാലം

തുറവൂർ - പമ്പാ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണ് മാക്കേകടവ് - നേരേകടവ് പാലം. എറണാകുളം, തോപ്പുംപടി, എഴുപുന്ന തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കോട്ടയം, പാല, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വളരെ വേഗം എത്തുവാനാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ മാക്കേകടവ് പാലം പണി പാതിവഴിയിൽ മുടങ്ങിയത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എത്രയും വേഗം പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.......

# ടെണ്ടർ പുതുക്കണം

പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കേണ്ട കാലവധി നീണ്ടതോടെ ടെണ്ടർ തുക പുതുക്കണമെന്ന ആവശ്യവുമായി കരാർ ഏറ്റെടുത്തെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയുടെ ആവശ്യം . 98 കോടി രൂപക്കായിരുന്നു കരാർ ഉറപ്പിച്ചിരുന്നത്. പൊതു മരാമത്ത് വകുപ്പ്, ചീഫ് എൻജിനീയർ മുഖേന സർക്കാരിലേക്ക് റിവൈസ് ടെണ്ടറിന് ഫയൽ അയച്ചിട്ടുണ്ട്. പ്രാദേശിക വിപണി നിരക്കുകൾ പരിഗണിച്ച് ധനകാര്യ വകുപ്പാണ് റിവൈസ് ടെണ്ടർ തുക നിശ്ചയിക്കുന്നത്.