patayani
മാന്നാർ നായർസമാജം സ്‌കൂൾ മുറ്റത്ത് ദേവിവിലാസം പടയണി സംഘം അവതരിപ്പിച്ച പടയണി

മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാറിൽ നടക്കുന്ന സർഗ്ഗോത്സവ വേദിയിൽ ഓതറ ദേവി വിലാസം പടയണി സംഘം നിറഞ്ഞാടി. പ്രകൃതിയുമായി ഇഴ ചേർന്ന പൈതൃക സംസ്കാരത്തിന്റെ അനുഷ്ഠാന കലയെ അടുത്തറിയാൻ സാധിച്ച ആത്മ നിർവൃതിയിലായിരുന്നു കാണികൾ.

മാന്നാർ നായർ സമാജം ഗേൾസ് സ്‌കൂളിന്റെ മുറ്റത്തൊരുക്കിയ വേദിയിൽ
പ്രകൃതി വിഭവങ്ങളായ പച്ചപ്പാളയും കുരുത്തോലയും കമുകിൻ വാരിയും ഉപയോഗിച്ച് നിർമ്മിച്ച കോലങ്ങളേന്തി പ്രകൃതിദത്തമായി ചാലിച്ചെടുത്ത വർണ്ണങ്ങൾ ഉപയോഗിച്ച് തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യമേളങ്ങൾക്കിടെ തീ ചൂട്ടുകറ്റകളുടെയും പന്തങ്ങളുടെയും വെളിച്ചത്തിൽ കരി മറുതയും കാലാരിക്കോലവും ഭൈരവിക്കോലവും ഉറഞ്ഞു തുള്ളി. പത്തനംതിട്ട ഓതറ പുന്നശ്ശേരി കുടുംബത്തിലെ വേണുഗോപാലപിള്ള ആശാന്റെയും രഞ്ജിത്ത് ആശാന്റെയും നേതൃത്വത്തിലാണ് പടയണി അരങ്ങേറിയത്.

ക്ഷേത്ര മുറ്റത്ത് നിന്നു പുറംവേദികളിലെത്തിച്ച് പടയണിയെ ജനകീയമാക്കിയ പടയണി ഗുരുക്കളായ മാധവൻ പിള്ളയുടെയും പി.കെ. ചെല്ലപ്പൻ പിള്ളയുടെയും രഘുപ്രസാദ്‌ ആശാന്റെയും ശിവപ്രസാദ് ആശാന്റെയും പാരമ്പര്യം കാത്ത് പടയണിയെന്ന കലാരൂപത്തെ നിലനിറുത്തുകയാണ് ഓതറ ദേവി വിലാസം പടയണി കലാലയത്തിന്റെ ഗുരുക്കളായ വേണുഗോപാലപിള്ളയും രഞ്ജിത്തും. ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണനും ഇവിടെനിന്നും പടയണി സ്വായത്തമാക്കിയിട്ടുണ്ട്.

#ചെങ്ങന്നൂർ പെരുമയിൽ ഇന്ന്

മാന്നാർ: കർണ്ണാടിക് ഫ്യൂഷൻ വൈകിട്ട് അഞ്ചിന്, വയലിൻ ഫ്യൂഷൻ ആറിന്, കുന്നിമണികൾ ഏഴിന്, നാടകം നാലുവരിപ്പാത എട്ടിന്.
ബുധനൂർ: ഗ്രാമോത്സവം രാവിലെ പത്തിന്, ബാനർജി അനുസ്മരണ സന്ധ്യ വൈകിട്ട് അഞ്ചിന്,
ചെങ്ങന്നൂർ: ആല (പെണ്ണുക്കര സ്കൂൾ മൈതാനം) സെമിനാർ വൈകിട്ട് അഞ്ചിന്, മലപ്പുലയാട്ടം, ഇരുള നൃത്തം 6.30ന്, നാട്ടുപാട്ടരങ്ങ് രാത്രി എട്ടിന്.