photo
എന്റെ ഭൂമി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേർത്തലയിൽ കൃഷിവകുപ്പ് മന്ത്റി പി.പ്രസാദ് നിർവഹിക്കുന്നു

ചേർത്തല :ഡിജി​റ്റൽ റീസർവേ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് സമ്പൂർണ പരിഹാരമാകുമെന്ന് മന്ത്റി പി.പ്രസാദ് പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ ഡിജി​റ്റലായി സർവെ നടത്തി കൃത്യമായ സർവെ റെക്കോർഡുകൾ തയ്യാറാക്കുന്നതിനുള്ള പദ്ധതിയായ 'എന്റെ ഭൂമി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേർത്തലയിൽ നിർവഹിക്കുകയായിരുന്നു മന്ത്റി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.എ.എം. ആരിഫ് എം.പി.,ദലീമ ജോജോ എം.എൽ.എ,ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ എന്നിവർ മുഖ്യാതിഥികളായി. ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ,സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ.സോമനാഥൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ ആദ്യഘട്ടത്തിൽ ചേർത്തല താലൂക്കിലെ ചേർത്തല നോർത്ത്,കടക്കരപ്പള്ളി,കുത്തിയതോട്, അരൂർ, എഴുപുന്ന, പട്ടണക്കാട് വില്ലേജുകളും കുട്ടനാട് താലൂക്കിലെ വെളിയനാട്,പുളിങ്കുന്ന് വില്ലേജുകളുമാണ് ഡിജി​റ്റൽ സർവേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.