അമ്പലപ്പുഴ: കേരളത്തിലെ അറിയപ്പെടുന്ന ലൈബ്രറികളിലൊന്നായി പറവൂർ വായനശാലയ്ക്കു മാറാൻ കഴിഞ്ഞത് നേതൃത്വം വഹിക്കുന്നവരുടെ സമർപ്പണം കൊണ്ടാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. വായനശാല പുതിയ മന്ദിരത്തിലേക്കു മാറുന്നതിന്റെ ഭാഗമായി 7 വരെ നടക്കുന്ന സാംസ്കാരികോത്സവവും മാതൃഭാഷ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരവാഹികൾ വായനാശീലമുള്ളവരാകണം. രാജ ഭരണത്തിന്റെയും പുന്നപ്ര വയലാറിന്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും കേരളത്തിന്റെയും അനുഭവങ്ങൾ ഈ വായനശാലയ്ക്കുണ്ട്. പാർട്ടി പ്രതിനിധികളും വായനയിലൂടെ ബൗദ്ധിക നിലവാരത്തിലേക്ക് ഉയരണം. പുസ്തകം വായിക്കുന്നവർക്ക് നോക്കുകൂലി ചോദിക്കാനാവില്ല. വി.എസിനു ശേഷം പുന്നപ്രയുടെ പേര് നിലനിറുത്താൻ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. വായനയുടെ കുറവാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം ഉണ്ടാകാൻ വായന അനിവാര്യമാണ്.ഈ ഏഴു ദിവസം കഴിഞ്ഞാലും മാതൃഭാഷാ സെമിനാറുകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രേറിയൻ കെ.ഉണ്ണിക്കൃഷ്ണനിൽ നിന്നു ആദ്യ പുസ്തകം ജി. സുധാകരൻ ഏറ്റുവാങ്ങി. വായനശാല പ്രസിഡന്റ് വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷനായി. അഡ്വ.ഷീബ രാഗേഷ്, അലിയാർ എം.മാക്കിയിൽ, ജി. ആദർശ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷാജഹാൻ സ്വാഗതവും കെ.ലത നന്ദിയും പറഞ്ഞു.