k
നഗരത്തിലെ സർക്കാർ സ്കൂൾ അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയെത്തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്.യു പ്രവർത്തകർ സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ

ആലപ്പുഴ: നഗരത്തിലെ സർക്കാർ സ്കൂൾ അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനികളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. എ.ഇ.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി.ഓമന നേരിട്ട് സ്കൂളിലെത്തി അദ്ധ്യാപകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് ലൈൻ പ്രവർത്തകരും സ്കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതേസമയം പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട എൽ.പി സ്‌കൂൾ അദ്ധ്യാപകനെതിരെ നടപടി വൈകുന്നതിന് പിന്നിൽ ഇടത് അദ്ധ്യാപക സംഘടനയുടെ ഇടപെടലാണെന്നാരോപിച്ച് സ്‌കൂളിന് മുന്നിൽ കെ.എസ്.യു പ്രതിഷേധിച്ചു. ഇതേ അദ്ധ്യാപകനെതിരെ മൂന്ന് മാസം മുമ്പ് സമാന പരാതി ഉയർന്നിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാതിരുന്ന പ്രധാന അദ്ധ്യാപികയ്‌ക്കെതിരെയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും എൻ.എസ്.യു കോ ഓർഡിനേറ്റർ അൻസിൽ ജലീൽ ആവശ്യപ്പെട്ടു. പ്രധാനാദ്ധ്യാപിക അടക്കമുള്ളവരുടെ ഇടപെടൽ അന്വേഷിക്കാമെന്നും രണ്ട് ദിവസത്തിനകം സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ജനമൈത്രി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കൗൺസലിംഗ് നൽകാമെന്നും ഡിവൈ.എസ്.പി നൽകിയ ഉറപ്പിലാണ് സമരം അവസാനിച്ചത്. കെ.എസ്.യു നേതാക്കളായ നൈഫ് നാസർ, വിശാഖ് വിജയൻ, മുഹമ്മദ് ഇഫ്‌നാസ് യാസീൻ, വിഷ്ണുപ്രസാദ്, മുഹമ്മദ് ഷഹീൻ തുടങ്ങിയവർ നേതൃത്വം നൽകി.