ആലപ്പുഴ: അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഓഫീസുകളിൽ വേണ്ടത്ര ജീവനക്കാരെ നിയമിക്കണമെന്നും അംസംഘടിത തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, സെക്രട്ടറി എലിസബത്ത് അസീസി എന്നിവർ ആവശ്യപ്പെട്ടു. പല ജില്ലാ ഓഫീസുകളിലും വേണ്ടത്ര ജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണ്. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരെ കൂടാതെ ക്ലർക്കും ഓഫീസ് അറ്റൻഡറുമടക്കം മറ്റു രണ്ടു ജീവനക്കാരാണ് ജില്ലാ ഓഫീസുകളിൽ നിലവിലുള്ളത്. അറ്റൻഡർ, ക്ലർക്ക് ഇല്ലാത്ത ജില്ലാ ഓഫീസുകളുണ്ടെന്നും ഫെഡറേഷൻ ആരോപിച്ചു. സർക്കാർ ഇക്കാര്യങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അസംഘടിത തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.