ചേർത്തല: അമ്മൂമ്മ ജോലി ചെയ്യുന്ന വീട്ടിലെ 85 വയസുകാരൻ അഞ്ചു വയസുകാരിയെ ഉപദ്റവിച്ചെന്നും മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചുവെന്നും കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ചേർത്തല പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസെടുത്തെങ്കിലും തുടർ നടപടികളില്ലാത്തതിൽ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.
ഒക്ടോബർ ആറിനാണ് പരാതിനൽകിയത്. എട്ടിന് പൊലീസ് കേസെടുത്തു .പട്ടണക്കാട് പുതിയകാവിലുളള 85കാരനെതിരെയാണ് കേസ്. ഇയാളുടെ വീട്ടിൽ വർഷങ്ങളായി കുട്ടിയുടെ അമ്മൂമ്മ ജോലി ചെയ്യുന്നുണ്ട്.
അമ്മുമ്മയോടൊപ്പം അവധി ദിവസങ്ങളിൽ കുട്ടിയും ഇവിടെ പോകുമായിരുന്നു. വൃദ്ധന്റെ ചെയ്തികളെപ്പറ്റി അദ്ധ്യാപികമാരോടു കുട്ടി പറഞ്ഞു. സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ എഫ്.ഐ.ആർ അവ്യക്തമായാണ് രേഖപെടുത്തിയിരിക്കുന്നതെന്നും തുടർനടപടി ആവശ്യപ്പെട്ടപ്പോൾ പൊലീസ് അപമാനിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്.
എന്നാൽ കുട്ടിയുടെ അമ്മയുടൈ പരാതി ലഭിച്ച ഉടൻ തന്നെഎഫ്.ഐ.ആറിട്ട് കേസെടുത്തെന്നും വിഷയത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുകുകയാണെന്നും ചേർത്തല പൊലീസ് ഇൻസ്പക്ടർ വിനോദ്കുമാർ പറഞ്ഞു.