മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ മാന്നാർ സർഗോത്സവസത്തിൽ ചെങ്ങന്നൂർ സ്വദേശി സതീഷ് കുമാർ (കുമാർജി) ഇന്ന് ഗസലിൽ വിസകമയമൊരുക്കും. കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെ ആരാധകരുള്ള ഗസൽ സംഗീതലോകത്തെ ശ്രദ്ധേയമായ മലയാളി സാന്നിദ്ധ്യമാണ് സതീഷ് കുമാർ. ഇന്ന് വൈകിട്ട് 6 നു മാന്നാർ നായർസമാജം സ്കൂൾ ഗ്രൗണ്ടിലെ വേദിയിലാണ് ഗസൽ അരങ്ങേറുന്നത്.
10 വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ച ശേഷം അഫ്ഗാൻ സ്വദേശിയായ അഹമ്മദ് ഖാൻ എന്ന ഗസൽ ഗായകനെ പ്രവാസ ജീവിതത്തിൽ കണ്ടുമുട്ടിയതാണ് സതീഷ് കുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഖാൻ സാഹിബിനു കീഴിൽ ഏറെക്കാലം ഗസൽ അഭ്യസിച്ച സതീഷ് കുമാർ നാട്ടിൽ തിരിച്ചെത്തി ഹിന്ദുസ്ഥാനി സംഗീതവും സ്വായത്തമാക്കി. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ ഗസൽ സംഗീതം അവതരിപ്പിക്കുന്ന സതീഷ് കുമാർ സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച് മലയാളം ഗസലുകളും ആലപിക്കുന്നുണ്ട്.