 
മാന്നാർ: ഭക്തിനിർഭരമായ റാസയോടെ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 120-ാം ഓർമ്മ പെരുന്നാളിന് കൊടിയിറങ്ങി. ഉച്ചയ്ക്ക് രണ്ടിന് റാസ ആരംഭിക്കുന്ന അറിയിപ്പുമായി പള്ളി മണികൾ ഒന്നായി മുഴങ്ങി.
കബറിങ്കലിലും പള്ളിയിലും നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം വിശ്വാസികൾ മുത്തുക്കുടകളേന്തി. അതിന് പിന്നിൽ ഇരുപത്തഞ്ചോളം പേർ കുരിശുകൾ തലയിലേന്തി. ഏറ്റവും പിന്നിലായി വൈദികരും അണിചേർന്നു. റാസ പമ്പാനദിക്കരയിലുള്ള കുരിശടിയിൽ എത്തി ധൂപപ്രാർത്ഥന നടത്തി പ്രധാന റോഡ് വഴി കൽകുരിശടിയിലും തുടർന്ന് പള്ളിക്ക് വലം വച്ചും പ്രധാന കവാടത്തിലൂടെ പള്ളിയിൽ പ്രവേശിച്ചു. തുടർന്ന് നടന്ന പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടി പരുമല പെരുന്നാളിന് കൊടിയിറങ്ങി. രാവിലെ ചാപ്പലിലും പളളിയിലും നടന്ന വിശുദ്ധ കുർബാനക്ക് ശേഷം പരിശുദ്ധ കാതോലിക്കാ ബാവ വിശ്വാസികൾക്ക് വാഴ്വ് നൽകി. ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രയോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഏബ്രഹാം മാർ സ്‌തേഫാനോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഡോ. ഗീവർഗീസ് മാർ ബർണബാസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ സഹകാർമികരായിരുന്നു