ആലപ്പുഴ: നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നു. ബസുകൾക്ക് സാമ്പത്തിക നഷ്ടത്തിനു പുറമേ ജനങ്ങൾ യാത്രാക്ലേശവും അനുഭവിക്കുകയാണ്.

കുരുക്കുമൂലം സമയക്ലിപ്തത പാലിക്കാൻ കഴിയാതെ വരുന്നത് ജീവനക്കാർ തമ്മിലുള്ള തർക്കങ്ങൾക്കും വഴിവയ്ക്കുന്നു. ജില്ലാക്കോടതി പാലം, ഇരുമ്പുപാലം തെക്കേക്കര വളവ് എന്നിവിടങ്ങളിലാണ് കുരുക്ക് രൂക്ഷം. വലുതും ചെറുതുമായ വാഹനങ്ങളും ഉദ്യോഗസ്ഥരും വ്യാപാരികളും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും ചേർന്ന് രാവിലെയും വൈകുന്നേരവും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് നിയന്ത്രണവിധേയമല്ല. ഇരുമ്പുപാലം തെക്കേക്കരയിൽ ബാങ്കുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ എത്തിച്ചേരുന്നവരുടെ വാഹനങ്ങൾ വീതികുറഞ്ഞ റോഡിന്റെ വശത്ത് പാർക്ക് ചെയ്യുന്നതും ബസുകൾക്ക് തടസമുണ്ടാക്കുന്നു. ഇതിനിടെ പാതയോര കൈയേറ്റവും കുരുക്ക് മുറുക്കുന്നു. അടിയന്തരമായി വിഷയത്തിൽ പരിഹാരം കാണണമെന്നഭ്യർത്ഥിച്ച് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഡിവൈ.എസ്.പി എൻ. ആർ. ജയരാജിന് നിവേദനം സമർപ്പിച്ചു.

ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ല. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് മനോഹരമായി രൂപകല്പന ചെയ്ത നിർമ്മാണ പ്രവർത്തനങ്ങളിലൂടെ കുരുക്കഴിക്കാൻ കഴിയും. ജില്ലാക്കോടതി പാലം വിപുലപ്പെടുത്തി സർക്കിൾ നിർമ്മിച്ചും ഇരുമ്പുപാലത്തിന് സമീപം കനാലിനുമീതെ തട്ടുകൾ നിർമ്മിച്ചും വാഹനപാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കി കുരുക്കിന് പരിഹാരം കാണണം

പി.ജെ. കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ