മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയിലെ അർബുദ ചികിത്സ വിഭാഗത്തിൽ ഡോക്ടറില്ല. നിലവിലുള്ള ഡോക്ടർ സ്ഥലം മാറിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച അവസ്ഥയിലാണ് അർബുദ ചികിത്സ വിഭാഗം.

ജില്ലയിൽ ആലപ്പു മെഡി. ആശുപത്രിയിൽ മാത്രമാണ് നിലവിൽ കാൻസർ ചികിത്സ വിദഗ്ദ്ധന്റെ സേവനമുള്ളത്. ഇതു കഴിഞ്ഞാൽ കാൻസർ രോഗികൾ ഏറെ ആശ്രയിക്കുന്നത് മാവേലിക്കര ജില്ലാ ആശുപത്രിയാണ്. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കും അതി കഠിന വേദനയുള്ള രോഗികൾക്ക് നൽകുന്ന വേദന സംഹാരികൾക്കും വേണ്ടി ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ഉള്ളവർ മെഡി. ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്‌.

മാവേലിക്കര ആശുപത്രിയിൽ ഡോക്ടറെ ഉടൻ നിയമിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ വി.കെ.പ്രബാഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.അജിത് കുമാർ, പി.ഷാജു ചേർത്തല, സി.ജയകുമാർ, ദീപ ഹരിശ്രീ, സുരേഷ് മുതുകുളം, വി.എസ്. സവിത, നിഷ ഇ.കുട്ടി, കെ.ഹേമചന്ദ്രൻ, മഞ്ജു പ്രമോദ്, ഫിദ അൻസാരി, എ.മുരുകദാസ്, ബിന്ദു ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.