photo

■ലഹരിയുടെ കണ്ണികളെ അമർച്ച ചെയ്യണം

ചേർത്തല:സർക്കാരിന്റെയും, ഹിന്ദു മാനേജ്മെന്റിന്റുകളുടെയും കോളേജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ,ഇത് പഠനത്തെ സാരമായി ബാധിക്കുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും,കേരള നവോത്ഥാന സമിതി ചെയർമാനുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം ചേർത്തല ട്രാവൻകൂർ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള കോളേജുകളിൽ അച്ചടക്കമാണ് മുഖമുദ്ര. ഇവിടത്തെ വിദ്യാർത്ഥികൾ പഠിച്ച് ഉന്നത നിലയിലെത്തുമ്പോൾ ,മറ്റുള്ളവർ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലാണ്. രാജ്യത്തെ ഏറ്റവും വലിയ വിപത്തായ ലഹരിയെ പ്രതിരോധിക്കാൻ ക്രിയാത്മകവും പ്രായോഗികവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. അരാജകത്വത്തിലേയ്ക്ക് നയിക്കുന്ന ഇത്തരം കണ്ണികളെ അമർച്ച ചെയ്യാൻ സമൂഹം മുന്നിട്ടിറങ്ങണം.സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വേണ്ടത്ര ഫലപ്രദമല്ല. വൻ മാഫിയാ സംഘങ്ങളാണ് ലഹരി സംഘങ്ങൾക്ക് പിന്നിൽ. രാഷ്ട്രീയ പാർട്ടികളിലെ ചിലരും ഇവർക്കൊപ്പമുണ്ട്. ലഹരി മാഫിയയെ പ്രതിരോധിക്കാൻ സ്കൂൾ,കോളേജ് തലങ്ങളിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം.. വേണ്ടിവന്നാൽ കായികമായ ഇടപെടലും നടത്തണം. ഉപേക്ഷിക്കപ്പെട്ട പല അനാചാരങ്ങളും തിരിച്ചു വരുകയാണ്. മനുഷ്യമാംസം ഭക്ഷിക്കുന്ന തരത്തിൽ വരെ എത്തി-വെള്ളാപ്പള്ളി പറഞ്ഞു. സമിതി ട്രഷറർ അഡ്വ.കെ.സോമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.രാമഭദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന വ്യാപകമായി

പ്രചാരണ പരിപാടികൾ

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർഗീയ വിഭജനത്തിനും മയക്കുമരുന്നിനും എതിരെ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു.

ജനുവരി 31നകം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപീകരിക്കും. ഡിസംബർ 15,16 തിയതികളിൽ ചേർത്തലയിൽ ജില്ലാ ഭാരവാഹികൾക്കും നേതാക്കൾക്കുമായി ദ്വിദിന നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിക്കും. .

അരുവിപ്പുറം ശിവപ്രതിഷ്ഠാ വാർഷികം ഫെബ്രുവരി 14ന് ശിവഗിരിയിൽ ആഘോഷിക്കും. നവംബർ 26ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വനിതാ സമ്മേളനവും ഭരണഘടന സംരക്ഷണ പരിപാടികളും നടത്തും.ഡിസംബർ 6ന് ഡോ.അംബേദ്കറുടെ ചരമദിനാചരണം നടത്തും.ഡോ.ഹുസൈൻ മടവൂർ,ഡോ.എ.നീലലോഹിതദാസൻ നാടാർ, അഡ്വ.കെ.പി.മുഹമ്മദ്, എസ്.സുവർണകുമാർ,അഡ്വ.എസ്.പ്രഹ്ലാദൻ, ഡി.ദേവരാജൻ, ഡി.സുദർശനൻ,യു.ടി.രാജൻ.പി.വി.ഷാജി,ആലുവിള അജിത് തുടങ്ങിയവർ പങ്കെടുത്തു.