 
നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്
ആലപ്പുഴ: കൊവിഡിനെത്തുടർന്ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അടച്ചുപൂട്ടിയ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു. "ആളനക്കമില്ലാതെ പൊലീസ് എയ്ഡ് പോസ്റ്റ്"എന്ന തലക്കെട്ടിൽ കേരളകൗമുദി ഒക്ടോബർ 13ന് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം നിലച്ചതോടെ രാപ്പകൽ ഭേദമില്ലാതെ പോക്കറ്റടിക്കാരും മറ്റ് സാമൂഹ്യ വിരുദ്ധരും സ്റ്റാൻഡിൽ വിലസുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിന്റെ നിയന്ത്രണത്തിലാണ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം. ബസ് സ്റ്റേഷന്റെ തുടക്കം മുതൽ, പ്രധാന ഭാഗത്തുള്ള മുറിയാണ് എയ്ഡ് പോസ്റ്റിനായി നൽകിയത്.
കൊവിഡ് വ്യാപിച്ചതോടെ പ്രവർത്തനം താത്കാലികമായി നിറുത്തിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കെതിരെയുള്ള ശല്യം വ്യാപകമായിരുന്നു. സന്ധ്യമയങ്ങിയാൽ ഇവിടെ മദ്യപാനികളുടെ ശല്യവും രൂക്ഷമാണ്.
എയ്ഡ്‌പോസ്റ്റ് പ്രവർത്തനം പഴയപടിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സൗത്ത് സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി അധികൃതർ കത്ത് നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല. സൗത്ത് സ്റ്റേഷനിൽ അംഗബലം കുറവാണെന്ന് പറഞ്ഞായിരുന്നു പ്രവർത്തനം തുടങ്ങാതിരുന്നത്. കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ആലപ്പുഴ ഡിവൈ. എസ്.പി എൻ.ആർ.ജയരാജിന്റെ നിർദ്ദേശ പ്രകാരമാണ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം മുതൽപൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിച്ചത്.
ബസ് സ്റ്റേഷനിൽ പകലും രാത്രിയിലും പൊലീസ് എയ്ഡ് പോസ്റ്റ് പ്രർത്തിച്ചു തുടങ്ങിയത് വളരെ ആശ്വാസകരമാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് കുറവുണ്ടാകും
- സന്തോഷ് യാത്രക്കാരൻ