അമ്പലപ്പുഴ: സ്വകാര്യ ബസിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നതിനിടെ എറണാകുളം സ്വദേശിയായ മിനിലോറി ഡ്രൈവർ കസ്റ്റഡിയിൽ. എറണാകുളം മൂവാറ്റുപുഴ പായിപ്ര പുത്തൻ കുടിയിൽ സാജുമോനാണ് (53) പിടിയിലായത്. പുലർച്ചെ 3.30 ഓടെ ദേശീയ പാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിനു സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തന്റെ മിനിലോറിയിലേക്ക് ഡീസൽ മോഷ്ടിക്കുന്നതിനിടെയാണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത് . വഴിയാത്രക്കാരൻ പുന്നപ്ര പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ നവാസ്, എ.എസ്.ഐ ജോസഫ്, സി.പി.ഒ പ്രസാദ് എന്നിവർ സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സാജു മോനെ റിമാൻഡ് ചെയ്തു.