ആലപ്പുഴ: ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ 2018ൽ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി തുടക്കമിട്ട ഐ ആം ഫോർ ആലപ്പി പദ്ധതി ഇനി വി.ആർ ഫോർ ആലപ്പിയാകും. സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങി വിവിധ തലങ്ങളിൽ ഉള്ളവരെ ഉൾപ്പെടുത്തിയാണ് വീ ആർ ഫോർ ആലപ്പിയെന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചത്.

എല്ലാ വിഭാഗം ജനങ്ങളുടേയും പുനരധിവാസമാണ് വി.ആർ ഫോർ ആലപ്പി കൂട്ടായമയിലൂടെ ലക്ഷ്യമിടുന്നതെങ്കിലും കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കാണിപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ജില്ല കളക്ടർ വി.ആർ. കൃഷ്‌ണതേജ പറഞ്ഞു. ഇത്തരത്തിൽ ജില്ലയിൽ 273 കുട്ടികളാണുള്ളത്. പ്രത്യേക സർവെ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. കുട്ടികൾക്കാവശ്യമായ വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം, ആരോഗ്യം സംരക്ഷണം, ചികിത്സ സഹായം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വി.ആർ ഫോർ ആലപ്പി പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ഇന്നലെ മാവേലിക്കര സ്വദേശിയായ വിദ്യാർത്ഥിക്ക് ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിന് പ്രവേശനം നൽകി. ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ നേരിട്ടെത്തിയാണ് കുട്ടിയെ പഠിക്കാനായി ചേർത്തത്. പഠനത്തിന് ശേഷം ജില്ലയിലെ സ്വകാര്യ റിസോർട്ടിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം കുട്ടിക്ക് മികച്ച ജോലി ലഭിക്കാനുള്ള സൗകര്യവും ഒരുക്കി നൽകും.