ആലപ്പുഴ: മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരം ഇനിയും തുടരുന്നത് നാടിനെ ആപത്തിലാക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗൺ ഹാളിൽ ജില്ലാതല ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂർണമായ പ്ലാസ്റ്റിക് നിരോധനം സാദ്ധ്യമല്ലെന്നും പ്ലാസ്റ്റിക് നിയന്ത്രണം നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ ആലപ്പുഴ നഗരസഭയെയും 100 ശതമാനം യൂസർ ഫീ കളക്ഷൻ നേടിയ ഗ്രാമപഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശന ബായി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, ശുചിത്വ മിഷൻ ജില്ല കോ - ഓർഡിനേറ്റർ പി.വി. ജയകുമാരി, അസിസ്റ്റന്റ് കോ - ഓർഡിനേറ്റർ മുഹമ്മദ്കുഞ്ഞ് ആശാൻ, കുടുംബശ്രീ ജില്ല മിഷൻ കോ - ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.