ആലപ്പുഴ: വിലവർദ്ധനവ്, അമിത വില ഈടാക്കൽ, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലയിൽ ആരംഭിക്കുന്ന പരിശോധനയ്ക്ക് ജില്ല കളക്ടർ വി.ആർ.കൃഷ്ണ തേജ നേരിട്ട് തുടക്കം കുറിച്ചു. കാളാത്തിലെ വ്യാപാര സ്ഥാപനങ്ങളിലാണ് ജില്ല കളക്ടർ മിന്നൽ പരിശോധന നടത്തിയത്. പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ്, ലീഗൽ മെട്രോളജി, റവന്യൂ, പൊലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്. നിലവിൽ എല്ലാ താലൂക്കുകളിലും പൊതുവിതരണ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ജില്ലയിലെ മൊത്തവിതരണ വ്യാപാരികളുടെയും കടയുടമകളുടെയും ജില്ലാതല യോഗം വിളിച്ചു ചേർക്കാനും യോഗത്തിൽ തീരുമാനമായി. പരിശോധനയിൽ കളക്ടറോടൊപ്പം ജില്ല സപ്ളൈ ഓഫീസർ ടി.ഗാനാദേവി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലയിൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ചേർത്തല താലൂക്കിലെ 25 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വാർഷിക പുതുക്കൽ നടത്താത്ത ഇലക്ട്രോണിക് ബാലൻസ് ഉപയോഗിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങൾക്ക് ലീഗൽ മെട്രോളജി 2000 രൂപ പിഴ ഈടാക്കി. ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ ജയപ്രകാശ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പി. പ്രവീൺ, ഇൻസ്‌പെക്ടറി അസിസ്റ്റന്റ് കെ. എസ്. ബേബി, റേഷനിംഗ് ഇൻസ്‌പെക്ടർമാരയ പി.യു.നിഷ, സൗമ്യ സുകുമാരൻ, കെ.ആർ. വിജിലകുമാരി തുടങ്ങിയവരും പരിശോധനകളിൽ പങ്കെടുത്തു.