ചേർത്തല:താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജീവനക്കാരെ വിഭാഗങ്ങൾ മാറ്റി നിയമിച്ചു. ഭരണാനുകൂല സംഘടനയുടെ വനിതാനേതാവിനെ സെക്ഷൻമാറ്റിയുള്ള തീരുമാനത്തിനെതിരെ സംഘടനയുടെ ജില്ലാ ഭാരവാഹികളടക്കമെത്തി പ്രതിഷേധിച്ചത് ആശുപത്രിയിൽ തർക്കങ്ങൾക്കിടയാക്കി.സംഘടനയുടെ നിർദ്ദേശത്തെ തുടർന്ന് സ്ഥാനമാറ്റമുണ്ടായ വനിതാനേതാവ് ഉത്തരവ് കൈപ്പറ്റിയിട്ടില്ല.
എൽ.ഡി.എഫ് ഭരിക്കുന്ന ചേർത്തല നഗരസഭക്ക് കീഴിലുള്ളതാണ് ആശുപത്രി.നഗരസഭാ നേതൃത്വത്തിന്റെ നിർദ്ദേശത്തിലാണ് ജീവനക്കാരെ മാറ്റിയതെന്നാണ് വിവരം.ആശുപത്രിയിൽ ചില വിഭാഗങ്ങളിൽ പ്രവർത്തനങ്ങളൊന്നും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. .കഴിഞ്ഞ ദിവസം നടന്ന ജീവനക്കാരുടെ യോഗത്തെ തുടർന്നാണ് ആശുപത്രി സൂപ്രണ്ട് ജീവനക്കാരെ വിഭാഗം മാറ്റി നിർണയിച്ച് ഉത്തരവിറക്കിയത്.
വ്യാഴാഴ്ച വൈകിട്ടുവരെ ഉത്തരവിൽ മാറ്റം വരുത്താൻ സൂപ്രണ്ടും ഉത്തരവു കൈപ്പറ്റാൻ വനിതാ നേതാവും തയ്യാറാകാത്തത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.ആശുപത്രിയിൽ കിഫ്ബി ഫണ്ടിൽ നിന്നുള്ള കെട്ടിട നിർമ്മാണം അടക്കം തുടങ്ങുന്ന ഘട്ടത്തിൽ ഭരണ വിഭാഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന നിലപാടിലാണ് നഗരസഭാ നേതൃത്വം.
പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.