കുട്ടനാട് : പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരൻ തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാർ (55) മരിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും കുടുംബം നൽകിയ പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്ന് ആക്ഷേപം.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പുഴ ശ്രികൃഷ്ണ സ്വാമി ക്ഷേത്രത്തിനും കച്ചേരിമുക്കിനും മദ്ധ്യേ വാട്ടർ അതോറിറ്റിയുടെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി എടുത്ത കുഴിയിൽപ്പെട്ട് കഴിഞ്ഞവർഷം ഒക്ടോബർ 27 നാണ് അജയകുമാർ അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിടപ്പാടം പോലുമില്ലാത്ത കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും പരാതി നൽകുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അജയകുമാറിന്റെ ഭാര്യ പ്രതിഭ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.