മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാറിൽ ആഘോഷപ്പെരുമ നിറച്ച സർഗോത്സവത്തിന്റെ പന്ത്രണ്ട് ദിനരാത്രങ്ങൾക്ക് ഇന്നലെ സമാപനമായി. പമ്പാനദിയിൽ പാണ്ടനാട് നെട്ടായത്ത് നാളെ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളോടനുബന്ധിച്ച് പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലുമായി 14 ദിവസങ്ങളിൽ 38 വേദികളിലായി 120 കലാരൂപങ്ങളും 15 സെമിനാറുകളും മൂന്ന് വിളംബര ഘോഷയാത്രകളുമായി സംഘടിപ്പിച്ച ചെങ്ങന്നൂർ പെരുമയുടെ പ്രധാന വേദി മാന്നാർ നായർ സമാജം സ്കൂൾ മൈതാനമായിരുന്നു. ഒക്ടോബർ 23ന് മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്ത മാന്നാർ സർഗോത്സവത്തിൻ്റെ ഓരോ ദിനങ്ങളിലും സംഘാടക സമിതി പ്രതീക്ഷിച്ചതിലും വലിയ ജനത്തിരക്കായിരുന്നു. ചെങ്ങന്നൂർ പെരുമയുടെ ചെയർമാൻ സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സമിതിയുടെ സംഘാടക മികവിന്റെ വിജയമായിരുന്നു കഴിഞ്ഞ ദിനങ്ങളിൽ മാന്നാറിൽ കാണാൻ കഴിഞ്ഞത്.

ചെങ്ങന്നൂർ പെരുമയ്ക്ക് സമാപനം കുറിച്ച് നാളെ ഉച്ചയ്ക്ക് ഒന്നിന് പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളി നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റീൻ ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. മന്ത്രിമാരായ എം.ബി രാജേഷ് സമ്മാനദാനവും വീണ ജോർജ് സുവനീർ പ്രകാശനവും നടത്തും. ഘോഷയാത്ര പുരസ്ക്കാര ദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എ മാരായ സജി ചെറിയാൻ, പി.സി.വിഷ്ണുനാഥ് എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ പതാക ഉയർത്തും. ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും.