photo

ചേർത്തല: ദേശിയപാത വികസനത്തിന്റെ ഭാഗമായി പാതയോരത്തെ മണൽ നീക്കുന്നതിനിടയിൽ ജപ്പാൻ കുടിവെളള പൈപ്പ് പൊട്ടി.അശ്രദ്ധയോടെ ജെ.സി.ബി ഉപയോഗിച്ച് ജോലിയെടുത്തതിന് സമീപവാസിയായ വീട്ടമ്മ പ്രതിഷേധിച്ചപ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾ സംഭവ സ്ഥലത്ത് നിന്ന് മുങ്ങി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.കണിച്ചുകുളങ്ങര മുതൽ തിരുവിഴ വരെയുളള ദേശിയപാതയുടെ കിഴക്ക് വശത്തെ മണൽ നീക്കം ചെയ്യുന്ന ജോലിക്കിടെ ഓട്ടോകാസ്റ്റിന് സമീപത്താണ് സംഭവം. വെളളം സമീപത്തെ വീട്ടിലേക്കാണ് ഒഴുകിയത്. വീട് വെളളത്തിലായി.ഈ സമയത്താണ് വീട്ടമ്മ ക്ഷുഭിതയായത്. നാട്ടുകാർ വിവരം മന്ത്റി പി.പ്രസാദിനെ അറിയിച്ചു. തുടർന്ന് മന്ത്റി ഇടപെട്ടപ്പോൾ വൈകിട്ട് അഞ്ചോടെ വാട്ടർ അതോറിട്ടി അധികൃതർ പമ്പിംഗ് നിർത്തി.എങ്കിലും രാത്രി വൈകും വരെ വെളളത്തിന്റെ ഒഴുക്ക് തുടർന്നു. സമീപത്തുളള ചെറിയ തോട്ടിലൂടെ വെളളം ഒഴുകി പോയതിനാൽ വലിയ നാശം ഒഴിവായി. പൈപ്പ് പൊട്ടിയതോടെ ഞായറാഴ്ച വരെ കഞ്ഞിക്കുഴി,മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിൽ ജലവിതരണം പൂർണമായി മുടങ്ങും.ചോർച്ച പരിഹരിക്കുന്നതുവരെ പള്ളിപ്പുറം,തണ്ണീർമുക്കം,ചേർത്തല തെക്ക്,മുഹമ്മ പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ജലവിതരണം ഭാഗീകമായിരിക്കുമെന്ന് തൈക്കാട്ടുശേരി അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.