തുറവൂർ : എക്സൈസിന് ഒറ്റിക്കൊടുത്തെന്ന പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മയക്കുമരുന്ന് സംഘത്തലവൻ ഉൾപ്പടെ 3 പേർ കൂടി പിടിയിലായി. എഴുപുന്ന തെക്ക് സ്വദേശി ഉണ്ണിക്കൃഷ്ണൻ (വട്ടാൻ ഉണ്ണി- 40 ) , പ്രവീൺ ( 35 ), ജോഷി ( 24 ) എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തു. വളമംഗലം സ്വദേശികളായ അരുൺ (29), രാഹുൽ ( 27 ), എഴുപുന്ന സ്വദേശി പ്രിൻസ് (24), എരമല്ലൂർ സ്വദേശി അമൽ (23) എന്നിവരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതോടെ കേസിൽ 7പേർ പിടിയിലായി. 2 പ്രതികളെ കൂടി ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അരൂർ സ്വദേശി സഞ്ജുവിനെയാണ് കഴിഞ്ഞ മാസം 31 ന് രാത്രി കരുമാഞ്ചേരിയിലേക്ക് വിളിച്ചു വരുത്തിയശേഷം തട്ടി കൊണ്ടുപോയി പ്രതികളിൽ ഒരാളായ പ്രിൻസിന്റെ വീട്ടിൽ പൂട്ടിയിട്ട് ലഹരി സംഘം മർദ്ദിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനോദ് സംഘത്തിന്റെ ആക്രമണത്തിനിടെ രക്ഷപെട്ട് പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സഞ്ജുവിനെ പിന്നീട് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.