മാവേലിക്കര : മാവേലിക്കര നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ യാത്രക്കാർ ഭീതിയിൽ. ഏതു നിമിഷവും നായ്ക്കളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തിലാണ് വിദ്യാർത്ഥികളടക്കം നഗരത്തിലൂടെ സഞ്ചരിക്കുന്നത്. തെരുവ് നായ്ക്കളെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
നഗരസഭ, പൊലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ എന്നിവയുടെ മുന്നിലെല്ലാം നിരവധി നായ്ക്കളാണ് തമ്പടിക്കുന്നത്. ഇവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ നേർക്ക് നായ്ക്കളുടെ ആക്രമണം ഉണ്ടാകാറുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി സഞ്ചരിക്കുന്ന കൊട്ടയ്ക്കകം ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകളിലേക്കും സർക്കാർ യു.പി സ്കൂളിലേക്കും പോകുന്ന റോഡിന് ഇരുവശത്തുമായി നായ്ക്കൾ നിരന്ന് കിടക്കുന്നത് പതിവ് കാഴ്ചയാണ്.
തെരുവ് നായ് ശല്യം കൂടുതൽ
മാവേലിക്കര പുതിയകാവ്, കല്ലുമല, പുന്നംമൂട്, തട്ടാരമ്പലം, പൊന്നാരംതോട്ടം, കോടതി, കണ്ടിയൂർ, കമ്പനിപ്പടി
നാട്ടുകാർ പറയുന്നത്
നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പെടുക്കാൻ നഗരസഭ നടപടി എടുത്തിരുന്നു. ദിനംപ്രതി വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ എണ്ണം കണക്കിലെടുത്ത് നഗരസഭ പരിധിയിൽ തെരുവ് നായ്ക്കളുടെ പുനരധിവാസത്തിനുള്ള പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവ് നായ്ക്കളെ പേടിച്ചാണ് പുറത്തിറങ്ങുന്നത്. ഇരുചക്രവാഹന യാത്രക്കാർ നായ്ക്കളെ തട്ടി വീഴുന്ന കാഴ്ച ഇവിടെ പതിവാണ്
- ഹേമചന്ദ്രൻ, പുന്നംമൂട്