ആലപ്പുഴ: നഗരനവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ ബോട്ടുജെട്ടിയും പൊലീസ് ഔട്ട്‌പോസ്റ്റും ചുറ്റുപാടുമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളും ബദൽ സംവിധാനങ്ങൾ കണ്ടെത്തി പരിസരത്തു തന്നെ നിലനിറുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ബസ് സ്റ്റാൻഡ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നവീകരണത്തിന്റെ ഭാഗമായി കട ഒഴിപ്പിക്കേണ്ടി വരുന്നതുമൂലം ഉപജീവനമാർഗം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസസൗകര്യങ്ങളും ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മറ്റിയംഗം ടി.എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ബി.എം.അഫ്‌സൽ, ശ്രീനിവാസറെഢ്യാർ, കമറുദ്ദീൻ, പി.ജെ.കുര്യൻ, എ.അനസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.അനസ് (പ്രസിഡന്റ്), ഹരിലാൽ (സെക്രട്ടറി), അഷറഫ് (ട്രഷറർ), ശിവകുമാർ (ജോയിന്റ് സെക്രട്ടറി), ഷാജി (വൈസ് പ്രസിഡന്റ്) എന്നിവരെ യോഗം തിരഞ്ഞെടുത്തു.