arr
ചന്തിരൂരിൽ നടന്ന വാഹനാപകടം

അരൂർ: കാറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മിനിലോറിയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ഡ്രൈവർമാർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. മിനിലോറിയിലുണ്ടായിരുന്ന മട്ടാഞ്ചേരി ഗുജറാത്തി പറമ്പിൽ റിജാസ് (26), എറണാകുളം കൊച്ചങ്ങാടി ഷുക്കൂർ (50), പിക്കപ്പ് വാനിലെ ചേർത്തല തൈക്കൽ തറയിൽ ഷാജി (52), അർത്തുങ്കൽ കൊല്ലാട്ട് നികർത്തിൽ വൈശാഖ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ചന്തിരൂർ പുതിയ പാലത്തിന് തെക്ക് ഭാഗത്ത് ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. എറണാകുളത്തേക്ക് പോകുകയായിരുന്ന കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ മീഡിയനിലൂടെ കടന്ന് കിഴക്ക് വശത്തുകൂടി തെക്കോട്ട് പോയ മിനിലോറിയിൽ ഇടിച്ചു റോഡിൽ മറിയുകയായിരുന്നു.. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അരൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ ചേർന്ന് വാഹനം ഉയർത്തി മാറ്റി. പിക്കപ്പ് വാൻ കൊല്ലത്തു നിന്ന് കൊച്ചിയിലേക്കും മിനിലോറി പെരുമ്പാവൂരിൽ നിന്ന് ആലപ്പുഴയിലേക്കും പോകുകയായിരുന്നു.