ഏക ഡോക്ടറും ട്രാൻസ്ഫറായിപ്പോയി

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാതായതോടെ രോഗികൾ ചികിത്സയ്ക്കായി നെട്ടോട്ടമോടുന്നു. ആകെയുണ്ടായിരുന്ന ഒരു ഡോക്ടറെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയതോടെയാണ് ചികിത്സ പൂർണമായും മുടങ്ങിയത്.

ഒരു ഡോക്ടർ മാത്രം ഉണ്ടായിരുന്നതിനാൽ, നേരത്തേ വ്യാഴാഴ്ച മാത്രമാണ് ഒ.പി വിഭാഗം പ്രവർത്തിച്ചിരുന്നത്. സമീപ ജില്ലകളിൽ നിന്നടക്കം നൂറു കണക്കിന് പേരാണ് ഈ ദിവസം ചികിത്സ തേടി എത്തിയിരുന്നത്. കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി ഒ.പി വിഭാഗത്തിന്റെ പ്രവർത്തനദിവസങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം നിലനിൽക്കുന്നതിനിടെയാണ് ഉണ്ടായിരുന്ന ഏക ഡോക്ടറെക്കൂടി സ്ഥലം മാറ്റിയത്.

കോടികൾ ചെലവഴിച്ച് ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് പ്രധാന വിഭാഗങ്ങളിൽപ്പോലും ഡോക്ടർമാരില്ലാത്ത സ്ഥിതിയുള്ളത്. സർക്കാർ അടിയന്തരമായി ഇടപെട്ട് വിദഗ്ദ്ധ ഡോക്ടറെ നിയമിച്ച് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

നിർദ്ധന രോഗികൾക്ക് തിരിച്ചടി

 ഒ.പി വിഭാഗത്തിൽ എത്തിയിരുന്നത് 500 മുതൽ 750വരെ രോഗികൾ

 ആശുപത്രിയിലെ ഏറ്റവും വിരക്കുള്ള വിഭാഗങ്ങളിലൊന്ന്

 സമീപ ജില്ലകളിൽ നിന്നുപോലും രോഗികളെത്തിയിരുന്നു

 ഇവരിൽ കൂടുതലും നിർദ്ധനരായ രോഗികൾ

 സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയേ ഇനി മാർഗമുള്ളൂ

പരിമിതമായ സൗകര്യങ്ങളിലാണ് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം പ്രവർത്തിച്ചിരുന്നത്. ഇവിടെയെത്തുന്നവർക്ക് ഇരിക്കാൻ കസേരയോ ടോയ്ലറ്റ് സൗകര്യമോ ലഭിച്ചിരുന്നില്ല

- രോഗികൾ