photo
പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന തകഴിയിലെ പദ്ധതി പ്രദേശത്ത് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന നഗരസഭതല മോണിറ്ററിംഗ് കമ്മറ്റി സന്ദർശിച്ച് നിർമ്മാണ പുരോഗതികൾ വിലയിരുത്തുന്നു

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റിസ്ഥാപിക്കുന്ന തകഴിയിലെ സ്ഥലങ്ങൾ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന നഗരസഭാതല മോണിട്ടറിംഗ് കമ്മിറ്റി സന്ദർശിച്ച് നിർമ്മാണ പുരോഗതികൾ വിലയിരുത്തി.

1524 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട ലൈനിൽ ശേഷിക്കുന്ന 324മീറ്റർ പൈപ്പ് മാറ്റുന്ന ജോലികളുടെ കാലതാമസം ഒഴിവാക്കി ജോലികൾ വേഗത്തിൽ നടത്താൻ ഉദ്യോഗസ്ഥർക്കും കരാറുകാരനും സംഘം നിർദ്ദേശം നൽകി. കരാറുകാരൻ സ്വന്തം ചിലവിൽ പൈപ്പ് മാറ്റിയിടുന്ന പ്രവൃത്തിയിൽ കാട്ടുന്ന മെല്ലെപോക്ക് പരിഹരിക്കുന്നതിന് കരാറുകാരനെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ആലപ്പുഴയിൽ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് കഴിഞ്ഞ ദിവസം നഗരസഭ അദ്ധ്യക്ഷ കത്ത് നൽകിയിരുന്നു. കഴിഞ്ഞ നഗരസഭ കൗൺസിൽ വിഷയം അതീവ ഗൗരവത്തോടെ ചർച്ച ചെയ്യുകയും. വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ജയകുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പമ്പിംഗ് വേഗത്തിലാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

ഇന്നു മുതൽ പ്രവൃത്തികൾ ആരംഭിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ചെയർപേഴ്‌സൺ മുന്നറിയിപ്പ് നൽകി.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ബീനരമേശ്, കൗൺസിലർമാരായ ബി.അജേഷ്, ബി.നസീർ, മനീഷ, ഹരികൃഷ്ണൻ, രാഖി രജികുമാർ, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനിക്കുട്ടൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.