 
മാന്നാർ: നാടിന്റെ വികസന വഴിയിലെ നാഴികക്കല്ലായ ചെങ്ങന്നൂർ പെരുമ സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും പെരുമയാണെന്ന് മന്ത്രി വി.അബ്ദുൽ റഹ്‌മാൻ പറഞ്ഞു. പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മാന്നാർ നായർസമാജം സ്ക്കൂൾ മൈതാനിയിൽ ചെങ്ങന്നൂർ പെരുമ സർഗ്ഗോത്സവത്തിന്റെ സമാപന സംമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ 12ദിവസമായി മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ സർഗ്ഗോത്സവം നടന്ന വേദിയും പ്രദർശന-വിപണന സ്റ്റാളുകളും പരിസരവും ശുചീകരണ പ്രവർത്തനം നടത്തിയ മാന്നാർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ മന്ത്രി വേദിയിൽ ആദരിച്ചു . മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ജില്ലാ പഞ്ചായത്തംഗം ജി.ആതിര, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, സംഘാടകസമിതി കൺവീനർ പി.എൻ ശെൽവരാജൻ, പബ്ലിസിറ്റി കൺവീനർ ജി.വിവേക്, ഗ്രാമപഞ്ചായത്തംഗം അജിത് പഴവൂർ, പ്രോഗ്രാം കൺവീനർ കെ.എ കരീം എന്നിവർ സംസാരിച്ചു.