photo
യന്ത്ര തകരാറിനെ തുടർന്ന് വേമ്പനാട്ട് കായലിൽ അകപ്പെട്ട ഹൗസ് ബോട്ടിൽ കുടുങ്ങിയ പിഞ്ച് കുട്ടി ഉൾപ്പെടെ അഞ്ച് അംഗ സഞ്ചാരി സംഘവും രക്ഷാ പ്രവർത്തകരും

ആലപ്പുഴ : പിഞ്ചുകുട്ടി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം സഞ്ചരിച്ച ഹൗസ് ബോട്ട് യന്ത്രത്തകരാറിൽ വേമ്പനാട്ട് കായലിൽ കുടുങ്ങിയപ്പോൾ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിലെ ജീവനക്കാർ രക്ഷകരായി. ഇന്നലെ വൈകിട്ട് 4.15ന് പാതിരാമണലിന് പടിഞ്ഞാറുഭാഗത്തായിരുന്നു അപകടം. ഉത്തരേന്ത്യയിൽ നിന്ന് എത്തിയ സംഘം ആലപ്പുഴയിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് തിരിച്ച ഹൗസ് ബോട്ട് കാറ്റിലും മഴയിലും തകരാറിലായതോടെ കായലിന്റെ മദ്ധ്യഭാഗത്ത് നിശ്ചലമായി. വിവരം അറിഞ്ഞ് എസ്. 52-ാം നമ്പർ ബോട്ടുമായി മുഹമ്മയിൽ നിന്നും യാത്ര തിരിച്ച് സഞ്ചാരികളെ രക്ഷപ്പെടുത്തി. ബോട്ട് സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദ്ദേശ പ്രകാരം റെസ്‌ക്യൂ ജീവനക്കാരായ സ്രാങ്ക് എസ്.വിനോദ്, ഡ്രൈവർ എസ്.സാബു എന്നിവരുടെ നേതൃത്വത്തിൽ എസ്.ഡബ്ല്യൂ. ടി.ഡി ജീവനക്കാരായ പ്രേംജിത്ത് ലാൽ, അശോക് കുമാർ, ഷൈൻകുമാർ, പ്രശാന്ത്, അനസ്, അജയഘോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.