അമ്പലപ്പുഴ : സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണച്ചെലവിന് അനുവദിക്കുന്ന തുക കമ്പോള വില നിലവാരത്തിന് അനുസൃതമായി വർദ്ധിപ്പിക്കണമെന്ന അദ്ധ്യാപകരുടെയും സ്കൂൾ ഉച്ചഭക്ഷണ സമിതികളുടെയും നിരന്തരമായ ആവശ്യം അംഗീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ നിഷേധാത്മക നയം തുടരുകയാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഓണം കഴിഞ്ഞ് തുക വർദ്ധിപ്പിക്കുമെന്നും 150 കുട്ടികൾ ഉള്ള സ്കൂളുകളിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പാഴ്വാക്കായി. കഴിഞ്ഞ മൂന്നു മാസത്തെ തുക ഇനിയും അനുവദിച്ചിട്ടില്ല. പ്രശ്നത്തിന് സർക്കാർ എത്രയും പെട്ടെന്ന് സർക്കാർ പരിഹാരം കാണണമെന്നും കെ.പി.പി.എച്ച്.എ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി യോഗം സംസ്ഥാന എക്സിക്യൂട്ടിവംഗം അഞ്ജന ആർ.പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രാധാകൃഷ്ണപൈ അദ്ധ്യക്ഷനായി. എം.ആർ.ഷീല, ബിജു ഷിറിൽ, പ്രസന്നകുമാരി, സരിത ജി.പിള്ള, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ശിവശ്രീ പി.എസ് സ്വാഗതവും ട്രഷറർ വി.എസ്. ജാക്സൺ നന്ദിയും പറഞ്ഞു.