കായംകുളം : ഹോട്ടലിലെ ഡെലിവറി ബോയിയെ മൂന്നംഗ ക്രിമിനൽ സംഘം തടഞ്ഞ് നിറുത്തി മർദ്ദിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ചതായി പരാതി. താസ ഹോട്ടലിലെ ജീവനക്കാരൻ കായംകുളം കണ്ണമ്പള്ളിഭാഗം അമ്പനാട്ട് പടീറ്റതിൽ ഉവൈസ് ആണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി എട്ടുമണിയ്ക്ക് എരുവയിലായിരുന്നു സംഭവം. ഭക്ഷണം കൊടുക്കാൻ പോകുകയായിരുന്ന ഉവൈസിനെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് തടഞ്ഞു നിറുത്തി കൈകൾ പുറകിൽ ചേർത്ത് പിടിച്ച ശേഷം മൊബൈൽ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന 6200 രൂപയും അപഹരിച്ചു. ഇത് കണ്ട മറ്റൊരു സ്കൂട്ടർ യാത്രക്കാരനെ അക്രമി സംഘം വിരട്ടി ഓടിയ്ക്കുകയും ചെയ്തു. കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.