വഴങ്ങാതെ ഭരണപക്ഷ സംഘടന
ചേർത്തല:താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ജീവനക്കാരെ വിഭാഗം മാറ്റിയുള്ള തീരുമാനം അനിശ്ചിതത്വത്തിലായി. നഗരസഭ നേതൃത്വം ഇടപെട്ടെടുത്ത നടപടിയാണ് ഭരണാനുകൂല സംഘടനയുടെ ഇടപെടലിനെതുടർന്ന് നിശ്ചലമായത്. സംഘടനയുടെ വനിതാ നേതാവിനെ തിരക്കേറിയ ജോലികളുള്ള വിഭാഗത്തിലേക്ക് മാറ്റിയുള്ള സൂപ്രണ്ടിന്റെ ഉത്തരവ് നേതാവ് രണ്ടുദിവസം പിന്നിട്ടിട്ടും കൈപ്പറ്റാത്തതാണ് തീരുമാനം നടപ്പാക്കുന്നത് നീളാൻ കാരണം.
ആശുപത്രി പ്രവർത്തനത്തിന്റെ കാര്യക്ഷമത ഉയർത്താൻ എടുത്ത തീരുമാനം നടപ്പാക്കണമെന്ന നിലപാടിലാണ് നഗരസഭാ നേതൃത്വം.ഇതിനായി സംഘടനാ നേതൃത്വം നഗരസഭാ നേതൃത്വവുമായി അനുനയ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനത്തിലേക്കെത്തിയിട്ടില്ല.തത്കാലത്തേക്കെങ്കിലും ഉത്തരവു മരവിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്.
ആശുപത്രിയിൽ 50 കോടിയുടെ കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങാനിരിക്കെയാണ് ഭരണ വിഭാഗത്തിൽ അഴിച്ചുപണികൾ നടത്തിയത്.സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മാറ്റങ്ങളാണുണ്ടായതെന്നാണ് വിവരം.ആശുപത്രിയിലുണ്ടാകുന്ന പ്രശ്നങ്ങൾ നഗരസഭയ്ക്ക് തുടർച്ചയായി വെല്ലുവിളിയായിരുന്നു.
ഇതിനിടയിൽ ഒരു ജീവനക്കാരിയെ സ്ഥലംമാറ്റി പ്രശ്നം പരിഹരിക്കാൻ നടത്തിയ ശ്രമങ്ങൾ എതിർപ്പുകളെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.