മാന്നാർ: മത്സര വള്ളംകളി കാണുവാനും ആസ്വദിക്കാനും പാണ്ടനാട്ടിലെത്തിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി ഇറിഗേഷൻ ടൂറിസത്തിനു 50 ലക്ഷം രൂപ അനുവദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ആഘോഷം നിലനിറുത്താനും പമ്പയുടെ തീരങ്ങൾ സംരക്ഷിക്കാനും ഇറിഗേഷൻ ടൂറിസത്തിന്റെ ആദ്യ സംരംഭത്തിന് പ്രാരംഭം കുറയ്ക്കാനാണ് 50 ലക്ഷം രൂപ അനുവദിച്ചതെന്ന് വള്ളം കളിയുടെ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ പെരുമ വെറും ആഘോഷം മാത്രമല്ല വേദനയും നഷ്ടവും അനുഭവിച്ച ജനതയുടെ നിലനില്പിനും പോരാട്ടത്തിനും വേണ്ടി സജി ചെറിയാൻ എം.എൽ.എ നടത്തിയ, പരിശ്രമങ്ങളുടെ ഉദാത്തമായ മാതൃകയിൽ നാടിന്റെ വളർച്ചയും പങ്കാളിത്തവും ഉറപ്പ് വരുത്താൻ രൂപം കൊണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിന്റെ വികസനത്തിന് ചിറക് മുളയ്ക്കാൻ ഏതൊക്കെ തലങ്ങളിലൂടെ സഞ്ചരിക്കണമെന്ന് സജി ചെറിയാൻ നടത്തിയ പഠനങ്ങളുടെ ഭാഗമായാണ് ജനങ്ങളെ ഒന്നിച്ച് നിറുത്തിയുള്ള ഒരുമയുടെ പെരുമയെന്നും അദ്ദേഹം കൂട്ടിചേർത്തു.