ആയി​ല്യം 16ന്

ഹരിപ്പാട് : മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 14,15,16 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 8ന് എരിങ്ങാടപള്ളി, ആലക്കോട്ട് കാവ്, പാളപ്പെട്ടി​ക്കാവ് എന്നീ അനുബന്ധ കാവുകളിൽ പൂജകൾ ആരംഭിക്കുന്നതോടെ ഇത്തവണത്തെ ആയില്യം മഹോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. രോഹിണി നാൾ മുതൽ പുണർതം വരെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും മുഴുക്കാപ്പ് ചാർത്തും. പുണർതം നാളായ 14നാണ് ആയില്യം മഹോത്സവം ആരംഭിക്കുക. 16നാണ് ആയില്യം.

14ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരി തിരി തെളിച്ച് മഹാദീപക്കാഴ്ചയ്ക്ക് തുടക്കം കുറിക്കും. വൈകിട്ട് 7.30ന് നർത്തകി രമ വൈദ്യനാഥന്റെ നടനാഞ്ജലി. വൈകിട്ട് 3ന് ഒൻപതാമത് ശ്രീ നാഗരാജ പുരസ്കാരദാന സമ്മേളനം നടക്കും. സദനം വാസുദേവൻ, ഡോ.ടി.വി. ഗോപാലകൃഷ്ണൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം സുഗന്ധി എന്നിവർക്കാണ് നാഗരാജപുരസ്കാരം നൽകുന്നത്. പൂയം നാളായ 15ന് രാവിലെ ആറിന് ഭാഗവത പാരായണം, എട്ടിന് ഓട്ടൻതുള്ളൽ, 9.30ന് ഹരികഥ, 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ, 11ന് സംഗീതക്കച്ചേരി, 11ന് ക്ഷേത്രത്തിന്റെ തെക്കേ നടയിലെ മണ്ണാറശാല യു.പി സ്കൂളിൽ പ്രസാദമൂട്ട്, 1ന് ആദ്ധ്യാത്മിക പ്രഭാഷണം. 2.30ന് ഭക്തിഗാനാമൃതം, വൈകിട്ട് 4.30ന് കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. വൈകിട്ട് 5 മുതൽ പൂയം തൊഴൽ, 6ന് നൃത്തസന്ധ്യ. 7ന് സംഗീതസദസ്, രാത്രി 10ന് കഥകളി. ആയില്യം നാളായ 16ന് പുലർച്ചെ 4ന് നടതുറക്കും. നിർമ്മാല്യദർശനം, അഭിഷേകം, കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ എന്നിവ നടക്കും. രാവിലെ 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് സംഗീതസദസ്, 11.30ന് കവിയരങ്ങ്, 2.30ന് പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, ഉച്ചയ്ക്ക് 1.30ന് വീണക്കച്ചേരി, 3ന് ഹിന്ദുസ്ഥാനി സംഗീതസദസ്, വൈകിട്ട് 5ന് നാഗസുകൃതം സംഗീത നൃത്തശില്പം, 6.30ന് തിരുവാതിര, രാത്രി 8ന് കുച്ചിപ്പുടി അരങ്ങ്, രാത്രി 10ന് നൃത്തനാടകം ദേവഗാന്ധാരം. ആയില്യം നാളിൽ രാവിലെ 10 മുതൽ മണ്ണാറശ്ശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. പൂയം, ആയില്യം നാളുകളിൽ ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് സർപ്പംപാട്ട് തറയിലും മേളവാദ്യസേവ നടക്കും. ആയില്യം നാളിൽ അമ്മയ്ക്ക് പ്രത്യേക പൂജകൾ നടത്താൻ കഴിയാത്ത സാഹചര്യമായതിനാൽ, നൂറ്റാണ്ടുകളായി കുടുംബകാരണവരുടെ കാർമ്മി​കത്വത്തിൽ വൃശ്ചിക മാസത്തിൽ എല്ലാ ദിവസവും, ശിവരാത്രി നാളിലും ശ്രീകോവിലിൽ നടത്തിവരുന്ന പ്രത്യേക പൂജകൾ, കലശാഭിഷേകം നൂറും പാലും തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ ഭഗവാന്റെ അനുജ്ഞ പ്രകാരം ആയില്യം നാളുകളിലും നടത്തും. ഈ ചടങ്ങ് ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ ആയില്യം മഹോത്സവമെന്ന പ്രത്യേകതയും ഈ വർഷത്തേതി​നുണ്ട്. തിരുവാതിര നാളിൽ നാഗരാജ സ്വാമിയ്ക്ക് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്ക് സമീപം സർപ്പം പാട്ട് തറയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രുദ്രമൂർത്തിയായ മഹാദേവന് രുദ്രേകാദശിനി കലശാഭിഷേകവും നടക്കും. 13നാണ് ഈ ചടങ്ങ് നടക്കുന്നത്. വാർത്താസമ്മേളനത്തിൽ എസ്.നാഗദാസ്, എൻ.ജയദേവൻ, എം.പി.വാസുദേവൻ എന്നിവർ പങ്കെടുത്തു.