ആലപ്പുഴ: പള്ളാത്തുരുത്തി കന്നിട്ട ജെട്ടിക്കു സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിൽ പാചകവാതക സിലിണ്ടറിനു തീപിടിച്ച് രണ്ടു ജീവനക്കാർക്കു പൊള്ളലേറ്റു. ബോട്ടിന്റെ അടുക്കള ഭാഗത്തിനും നാശനഷ്ടമുണ്ടായി. സ്രാങ്ക് വൈശാഖ്(28), പാചകക്കാരൻ സുധീഷ്(24) എന്നിവർക്കാണ് പൊള്ളലേറ്റത്. തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. വൈശാഖ് ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സതേടി. സുധീഷിന്റെ കൈക്ക് ചെറിയപൊളളലാണുള്ളത്. മൈ ട്രിപ്പ് എന്ന ബോട്ടിൽ ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. അടുക്കളക്കു സമീപത്തെ എയർ കണ്ടീഷണറിലേക്കുള്ള വൈദ്യുതി ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി പാചകവാതസിലിണ്ടറിനു തീപിടിക്കുകയായിരുന്നു. ഉടനെ സിലിൻഡർ എടുത്ത് കായലിലേക്കിട്ടു. അപകടം നടന്ന സമയത്ത് ബോട്ടിലെ സഞ്ചാരികൾ കടപ്പുറത്തേക്കു പോയിരിക്കുകയായിരുന്നു. ആലപ്പുഴ അഗ്നിരക്ഷാ സേന, സൗത്ത് പൊലീസ്, ടൂറിസം പൊലീസ്, നാട്ടുകാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.