 
സിനിമ തിയേറ്റർ നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി
ആലപ്പുഴ: അമ്പലപ്പുഴക്കാർക്ക് തിയേറ്ററിൽ ഒരു സിനിമ കാണണമെങ്കിൽ ഹരിപ്പോട്ടോ ആലപ്പുഴയിലോ പോകേണ്ട അവസ്ഥ. സ്വപ്‌ന, ശ്രീകൃഷ്ണ, പ്രതീക്ഷ തുടങ്ങി അമ്പലപ്പുഴയിലെ സിനിമാ പ്രേമികളുടെ ഇഷ്ടകേന്ദ്രങ്ങളായ മൂന്ന് തിയേറ്ററുകളും നശിച്ചു. റിലീസ് പടങ്ങൾ കിട്ടാൻ വൈകുന്നതും കാലപ്പഴക്കവും മൂലം വർഷങ്ങൾക്ക് മുമ്പ് ഈ തിയേറ്ററുകൾ പൊളിച്ചു നീക്കുകയായിരുന്നു.
പ്രിയദർശനും ബാലചന്ദ്രമേനോനും തിക്കുറിശ്ശിയുമെല്ലാം അമ്പലപ്പുഴയിൽ വേരുള്ള സിനിമക്കാരാണ്. തകഴി ശിവശങ്കരപ്പിള്ളയടക്കം പ്രഗത്ഭർ സിനിമ കാണാൻ വന്നിരുന്ന ടാക്കീസുകൾ തിരികെ കൊണ്ടുവരണമെന്നാണ് അമ്പലപ്പുഴയിലെ സിനിമാ ആസ്വാദകരുടെ ആവശ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അമ്പലപ്പുഴയിലെ പ്രകടന പത്രികയിൽ സിനിമ തിയേറ്റർ എന്ന വാഗ്ദാനമുണ്ടായിരുന്നു.
# തീരപരിപാലനം പാര
40 വർഷത്തോളം അമ്പലപ്പുഴ ടൗൺഹാളിന് സമീപം കച്ചേരി മുക്കിൽ പ്രവർത്തിച്ചിരുന്ന സ്വപ്ന ടാക്കീസ് പുനർ നിർമ്മിക്കാൻ മൂന്ന് വർഷമായി ശ്രമിക്കുകയാണ് അമ്പലപ്പുഴ സ്വദേശിയും തിയേറ്റർ വ്യവസായം നടത്തിയിരുന്ന വെട്ടുകാട്ടിൽ കുടുംബത്തിലെ മൂന്നാം തലമുറക്കാരനുമായ ഹരികൃഷ്ണൻ. തകഴിയുടെ നാമധേയത്തിലുള്ള സ്ക്രീൻ ഉൾപ്പടെ മൂന്ന് സ്ക്രീൻ മൾട്ടിപ്ലക്സ് തിയറ്ററിന് വേണ്ടിയാണ് അമ്പലപ്പുഴ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. ഐകകണ്ഠേന അനുമതി നൽകാൻ പഞ്ചായത്ത് പ്രമേയം പാസാക്കി. തീരദേശ പരിപാലന പരിധിയിൽ വരുന്ന സ്ഥലമായതിനാൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയെ സമീപിച്ചപ്പോഴാണ്, അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഒരാൾ പരാതി നൽകിയതായി വിവരം ലഭിക്കുന്നത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച്, പുനഃപരിശോധനയ്ക്ക് അനുമതി വാങ്ങിയെങ്കിലും നിലവിൽ തിയേറ്റർ കെട്ടിടമില്ലെന്ന കാരണത്താൽ കോസ്റ്റൽ സോൺ നിർമ്മാണ അനുമതി നിഷേധിച്ചു. 2005 വരെ 860 ച.മീ വിസ്തീർണത്തിൽ കെട്ടിടം പ്രവർത്തിച്ചിരുന്നുവെന്നതിന് പഞ്ചായത്തിന്റെ സാക്ഷ്യപത്രം മാത്രം മതിയാകില്ലെന്ന നിലപാട് ഹൈക്കോടതിയും സ്വീകരിച്ചതോടെയാണ് സിനിമാ തിയേറ്റർ സ്വപ്നത്തിന് കരിനിഴൽ വീണത്.
# 12 കോടിയുടെ പദ്ധതി
50ൽ അധികം പേർക്ക് ജോലി നൽകാവുന്ന 12 കോടിയുടെ പദ്ധതിയാണ് സ്വപ്ന ടാക്കീസിന്റെ മടങ്ങിവരവിലൂടെ ഹരികൃഷ്ണൻ ലക്ഷ്യമിടുന്നത്. സോളാർ റൂഫിംഗ് ടെക്നോളജിയിൽ സംസ്ഥാനത്തെ ആദ്യ സമ്പൂർണ സോളാർ പവേർഡ് മൾട്ടിപ്ലക്സ് തിയേറ്റർ, 4 കെ പ്രൊജക്ഷൻ, സിൽവർ സ്ക്രീൻ, കേർവ് സീറ്റിംഗ് ലേഔട്ട് തുടങ്ങി ആധുനിക സൗകര്യങ്ങൾ കോർത്തിണക്കിയ പദ്ധതിയാണ് നിയമത്തിന്റെ നൂലാമാലയിൽ കുടുങ്ങിക്കിടക്കുന്നത്.
..........................
നാടിന്റെ വികസനത്തെ എതിർക്കാൻ ശ്രമിക്കുന്ന ചില വ്യക്തികൾ കാരണം പദ്ധതി അനന്തമായി നീളുകയാണ്. അനുമതിക്കുള്ള ശ്രമം തുടരും. കെട്ടിടം ശേഷിക്കുന്നില്ല എന്ന കാരണത്താൽ, പുനർനിർമ്മാണ അനുമതി നിഷേധിക്കുന്നത് നീതികേടാണ്
ഹരികൃഷ്ണൻ, തിയറ്റർ നിർമ്മിക്കാൻ അനുമതി തേടുന്ന ആൾ
എത്രയോ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങൾ അവതരിപ്പിച്ച സ്ഥലമാണ് അമ്പലപ്പുഴ. പല ചിത്രങ്ങളിലും കിഴക്കേനടയും കുഞ്ചൻ സ്മാരകവും ലൊക്കേഷനുകളായി. സിനിമാ പാരമ്പര്യമുള്ള അമ്പലപ്പുഴയിൽ നിലവിൽ ഒരു തീയേറ്റർ പോലും ഇല്ലെന്നത് സങ്കടകരമാണ്
ഷെഫീക്ക്, അമ്പലപ്പുഴ