nerrali
'നീരാളി'

ആലപ്പുഴ: പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്വച്ഛഭാരത് മിഷൻ സംഘടിപ്പിക്കുന്ന ടോയ്ക്കത്തോൺ മത്സരത്തിന് വിളംബരം കുറിച്ച് ആലപ്പുഴ ബീച്ചിൽ കൂറ്റൻ പ്ലാസ്റ്റിക്ക് നീരാളി തയ്യാറായി. ഭൂമിയെ വിഴുങ്ങാൻ നിൽക്കുന്ന പ്ലാസ്റ്റിക്ക് ഭീകരൻ എന്ന സന്ദേശത്തോടെയാണ് പാഴ്ക്കുപ്പികളടക്കം സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നഗരസഭാ ആരോഗ്യ വിഭാഗം ശിൽപ്പം തയാറാക്കിയിരിക്കുന്നത്. സ്കൂൾ തലത്തിൽ മത്സരങ്ങളും, അതിന് ശേഷം എയറോബിക്ക് പ്ലാന്റുകൾ കേന്ദ്രീകരിച്ച് ടോയ്ക്കത്തോൺ പ്രദർശനവും സംഘടിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ സ്കൂളുകളിൽ ഇത്തരം മത്സരം സംഘടിപ്പിക്കണമെന്നുള്ള അറിയിപ്പ് കൈമാറിക്കഴിഞ്ഞു. നഗരസഭാ ജീവനക്കാർ വരുംദിവസങ്ങളിൽ സ്കൂളുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് പ്ലാസ്റ്റിക്ക് കളിപ്പാട്ട നിർമ്മാണത്തിൽ പരിശീലനം നൽകും. മത്സരത്തിന് മുന്നോടിയായി അവബോധവും ബോധവത്ക്കരണവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ ഇൻസ്റ്റലേഷൻ ബീച്ചിൽ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരായ ഗിരീഷ് അനന്തൻ, ഐ.അനീസ്, സുമേഷ് പവിത്രൻ എന്നിവർ നേതൃത്വം നൽകിയ പ്ലാസ്റ്റിക്ക് നീരാളി നിർമ്മാണത്തിന് ജീവനേകിയത് ശിൽപ്പികളായ രാജേഷ് പാട്ടുകളം, വി.എസ്.ആൽബിൻ, ടോമി തുമ്പോളി, ടി.ബി.ഉദയൻ എന്നിവരാണ്.

ടോയ്ക്കത്തോൺ ലക്ഷ്യം

ഉപയോഗശൂന്യമായ വസ്തുക്കളെ പുതിയ ഉത്പന്നങ്ങളാക്കുക

പുനരുപയോഗം പ്രോത്സാഹിപ്പിക്കുക

മാലിന്യത്തിന്റെ തോത് കുറയ്ക്കുക

സർക്കുലർ - ഇക്കോണമി ആശയം പ്രചരിപ്പിക്കുക

മത്സരത്തിൽ പങ്കെടുക്കാൻ അവസരം

സ്വച്ഛഭാരത് മിഷന്റെ ടോയ്ക്കത്തോൺ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് inovativeindia.mygov.in

എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. വ്യക്തികൾക്കും സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഈ മാസം 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഭൂമിയ വിഴുങ്ങാൻ നിൽക്കുന്ന പ്ലാസ്റ്റിക്ക് ഭീകരനായി മാറുന്നു എന്ന സന്ദേശമാണ് ഇൻസ്റ്റലേഷൻ നീരാളി വഴി നൽകുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ശിൽപ്പം സ്ഥാപിച്ചത്

സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ