വള്ളികുന്നം: ആലപ്പുഴ കൊല്ലം ജില്ലകളുടെ അതിർത്തി പങ്കുവയ്ക്കുന്ന വള്ളികുന്നം കാമ്പിശ്ശേരി ചങ്ങൻ കുളങ്ങര റോഡ് തകർന്ന് അപകടം പതിവാകുന്നു. 25 വർഷത്തിൽ അധികമായി റോഡ് നവീകരണം നടന്നിട്ട്. റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ട് ജംഗ്ഷനുകളടക്കം തകർന്നു തരിപ്പണമായ നിലയിലാണ്.
കൊല്ലം തേനി ഉൾപ്പെടെ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ്. ബസ് സർവീസിനു പിന്നാലെ ചരക്കു വാഹനങ്ങൾ അധികമായും ഇതു വഴിയാണ് കടന്നുപോകുന്നത്. റോഡ് തകർന്ന് കിടക്കുന്നതിനാൽ വളരെ ദുർഘട യാത്രയാണ് വാഹനയാത്രകാർക്ക് ഇതുവഴി. ജില്ലകൾ അതിർത്തി പങ്കുവയ്ക്കുന്ന റോഡ് ആയതിനാൽ ജനപ്രതിനിധികളടക്കം ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.അധികൃതർ റോഡ് നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയെങ്കിലും പിന്നീട് നീക്കങ്ങൾ ഉണ്ടായില്ല. വെള്ളക്കെട്ടുമാറാത്ത റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിക്കണമെന്നാണ് ആവശ്യം.
.........
''തകർന്നു തരിപ്പണമായ റോഡിലെ ഗർത്തങ്ങളിൽ വീണ് ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുകയാണ്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം റോഡിന് ഇരു വശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും കാൽനടയാത്രക്കാരിലേക്കും തെറിക്കും. ഇത് പലപ്പോഴും വാക്കേറ്റത്തിലും സംഘട്ടനങ്ങൾക്കും കാരണമാകുന്നു.
സി.ഉദയൻ
നാട്ടുകാരൻ